ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ഡിസംബര്‍ 17ന് അണക്കെട്ട് സന്ദര്‍ശിക്കും. ദല്‍ഹിയില്‍ ഇന്നുചേര്‍ന്ന യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. എന്നാല്‍ സന്ദര്‍ശനവേളയില്‍ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തില്ലെന്നും സമിതി വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയവും കാലപ്പഴക്കവും വ്യക്തമാക്കുന്ന റൂര്‍ക്കി ഐ ഐ ടിയുടെ റിപ്പോര്‍ട്ടുകളും സാക്ഷിരപ്പട്ടികയും സെപ്റ്റംബറില്‍ ജസ്റ്റിസ് എ എസ് ആനന്ദ് അധ്യക്ഷനായുള്ള സമിതിക്ക് സമര്‍പ്പിച്ചിരുന്നു.ഇത് പരിശോധിച്ചശേഷമാണ് ഉന്നതതലസംഘം അണക്കെട്ട് സന്ദര്‍ശിക്കാനുള്ള തീരുമാനമെടുത്തത്.

മുല്ലപ്പെരിയാര്‍ കേസില്‍ ഡാം സേഫ്റ്റി അതോറിറ്റി മുന്‍ അംഗം ഡോ.കോമളവല്ലിയമ്മയെ സാക്ഷിയാക്കാന്‍ കേരളം അനുമതി തേടിയിരുന്നു. എന്നാല്‍ ഇതിനെ തമിഴ്‌നാട് എതിര്‍ത്തു.പുതിയ തെളിവുകള്‍ ആവശ്യമെങ്കില്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന നിലപാടായിരുന്നു ഉന്നതസമിതി കൈക്കൊണ്ടത്. നിലവിലെ പ്രശ്‌നപരിഹാരത്തിന് ഏറ്റവും പുതിയ മാര്‍ഗ്ഗം പുതിയ അണക്കെട്ടാണെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്.