ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്ന് തമിഴ്‌നാട്. കേരളത്തിന്റെ റിപ്പോര്‍ട്ട് വസ്തുതകള്‍ മറച്ച് വക്കുന്നതും അപൂര്‍ണവുമാണ്.

റിപ്പോര്‍ട്ടില്‍ വസ്തുതകള്‍ പൂര്‍ണമായി ഉള്‍പെടുത്തിയിട്ടില്ലെന്നും അത് കൊണ്ട് തന്നെ കേരളത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തമിഴ്‌നാട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

Subscribe Us:

ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്നപ്പോള്‍ പുതിയ ഡാം വേണ്ടെന്ന് പറഞ്ഞിരുന്നു. ഈ നിലപാടില്‍ നിന്ന് കേരളം പിറകോട്ട് പോയിരിക്കുകയാണിപ്പോള്‍. പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണ സാദ്ധ്യത പരിശോധിക്കാനുള്ള പല പഠനങ്ങളും ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പഠനവും ഇത് വരെ പൂര്‍ത്തിയായിട്ടില്ല.

അത് കൊണ്ട് തന്നെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് കേരളത്തിന്റെ റിപ്പോര്‍്‌ട്ടെന്നും വേണ്ടത്ര അന്വേഷണമില്ലാതെ തയ്യാറാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്നും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനുള്ള മറുപടിയില്‍ തമിഴ്‌നാട് വ്യക്തമാക്കി. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് മുമ്പാകെ ഇന്നാണ് തമിഴ്‌നാട് മറുപടി നല്‍കിയത്.