തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്‌നാട് നടത്തിയ അറ്റകുറ്റപ്പണികളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡാമിന്റെ യഥാര്‍ത്ഥ സ്ഥിതി മറച്ചുവക്കാന്‍ തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും ബോധപൂര്‍വ്വശ്രമമുണ്ടായതായി സമിതി കണ്ടെത്തി.

ഡാമില്‍ തമിഴ്‌നാട് നടത്തിയ അറ്റകുറ്റപ്പണി അതിന്റെ സുരക്ഷയെക്കുറിച്ച് കേരളം ഉന്നയിച്ച വാദങ്ങളെ ദുര്‍ബ്ബലപ്പെടുത്തുമെന്നും ഉന്നതാധികാര സമിതിയുടെ പരിശോധനയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറ്റുറ്റപ്പണികള്‍ നടത്താന്‍ തമിഴ്‌നാടിന് അധികാരമുണ്ടെന്നും എന്നാല്‍ ഇതിനായി തിരഞ്ഞെടുത്ത സമയം തെറ്റായിപ്പോയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതിനിടെ നവംബര്‍ 20,21,22 തീയതികളില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച ഉന്നതാധികാരസമിതി ഡാം സന്ദര്‍ശിക്കുന്നുണ്ട്. ജസ്റ്റിസ് എ എസ് ആനന്ദ് അധ്യക്ഷനായ സമിതിയില്‍ ജസ്റ്റിസ് കെ ടി തോമസാണ് കേരളത്തിന്റെ പ്രതിനിധി.