ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ പഠനറിപ്പോര്‍ട്ട് സുപ്രീം കോടതി കേരളത്തിന് കൈമാറി. അണക്കെട്ടിന്റെ സുരക്ഷയും മറ്റും സംബന്ധിച്ച ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകളാണ് സുപ്രീം കോടതി കേരളത്തിന് കൈമാറിയത്. വിദഗ്ധ പഠനങ്ങളുള്‍പ്പെടെ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകളെല്ലാം ലഭ്യമാക്കണമെന്ന് കേരളവും തമിഴ്‌നാടും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

Ads By Google

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന തങ്ങളുടെ വാദം തയ്യാറാക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ അനിവാര്യമാണെന്ന് കാണിച്ചായിരുന്നു കേരളം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ജലകമ്മീഷന്റെയും തട്ടെ കമ്മിറ്റി റിപ്പോര്‍ട്ടും ഉള്‍പ്പെടെ 40 റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഉള്ളത്.

പതിമൂന്ന് തരം പഠനത്തിന്റെ നാല് വാല്യങ്ങളുള്ള റിപ്പോര്‍ട്ടാണ് കേരളത്തിന് ലഭിച്ചത്. 50 സി.ഡി കളിലും 4 ഡി.വി.ഡി യിലുമായാണ് റിപ്പോര്‍ട്ടുള്ളത്. 5000 പേജുള്ള റിപ്പോര്‍ട്ട് പഠിച്ച് കേരളം വാദം തയ്യാറാക്കുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു.