തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സി.പി.ഐ.എം പി.ബി നിലപാടില്‍ അവ്യക്തതയില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുല്ലപ്പെരിയാറില്‍ പി.ബിക്ക് പ്രത്യേക മനോഭാവമില്ലെന്ന് പിണറായി വ്യക്തമാക്കി. തമിഴ്‌നാടിന് വെള്ളം നല്‍കാമെന്ന് കേരളവും സമ്മതിച്ചതാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് പി.ബി പറഞ്ഞതില്‍ എന്താണ് അവ്യക്തതയെന്നും അദ്ദേഹം ചോദിച്ചു.

സി.പി.ഐ.ഐ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ച ദേശീയ പാര്‍ട്ടി വേറെയില്ല. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയം ഉണ്ടെന്ന കാര്യത്തിലും പി.ബിക്ക് സംശയമില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെടുന്നത്. പി.ബി. നിലപാടിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവര്‍ ഇക്കാര്യം മനസിലാക്കണം’- പിണറായി പറഞ്ഞു.

Subscribe Us:

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ യു.ഡി.എഫിന് ദൗര്‍ബല്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എ.ജിയിലൂടെ സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ദുരന്തനിവാരണ സമിതിയും റവന്യൂ വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണ് എ.ജിയുടെ നിലപാടെന്നും പിണറായി പറഞ്ഞു. പ്രശ്‌നത്തില്‍ തമിഴ്‌നാട് വികാരപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സി.പി.ഐ.എം പോളിറ്റ്ബ്യൂറോ നിലപാടിനെതിരെ വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പി.ബി നിലപാട് കേരളത്തിന്റെ വികാരത്തിന് കടകവിരുദ്ധമാണെന്നായിരുന്നു വി.എസിന്റെ പ്രസ്താവന. സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തിന് അനുയോജ്യമായതരത്തില്‍ പി.ബി നിലപാട് വ്യക്തമാക്കുമെന്ന് കരുതുന്നതായും വി.എസ് പറഞ്ഞിരുന്നു.

വി.എസ്.അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ശിവദാസ മേനോന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കെതിരെ അഭിപ്രായം പറയാന്‍ പാര്‍ട്ടിയില്‍ ഒരുത്തനും വളര്‍ന്നിട്ടില്ലെന്നായിരുന്നു ശിവദാസ മേനോന്റെ വിമര്‍ശനം.

Malayalam news, Kerala news in English