Categories

മുല്ലപ്പെരിയാര്‍ സമരം അക്രമാസക്തം: കുമളിയില്‍ നിരോധനാജ്ഞ

mullaperiyar issue protest become violentകുമളി: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് സംഘര്‍ഷബാധിതപ്രദേശങ്ങളില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ദേവദാസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. വ്യാപകമായി സംഘര്‍ഷമുണ്ടായ ഇടുക്കി ജില്ലയിലെ കുമളിയിലും വണ്ടിപ്പെരിയാറിലും പരിസരപ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സമരക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ തടയുകയും ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ.

തമിഴ്‌നാട്ടിലെ തേനി, കമ്പം തുടങ്ങിയ മേഖലകളില്‍ നിന്നും യാത്രക്കാരുമായും സാധനങ്ങളുമായും വന്ന വാഹനങ്ങളാണ് സമരാനുകൂലികള്‍ നശിപ്പിച്ചത്. ഗൂഡല്ലൂര്‍, കമ്പം, കുമളി തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ നേരിയ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ചികിത്സ കഴിഞ്ഞെത്തിയ സ്ത്രീയെയും കുട്ടിയെയും ആക്രമിച്ചത് കൂടുതല്‍ സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു.

കമ്പം മേട്ടില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അഗ്‌നിക്കിരയാക്കി. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നൂറോളം വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഗൂഡല്ലൂര്‍, കമ്പംമേട് ചെക്ക് പോസ്റ്റില്‍ സംഘര്‍ഷം തുടരുകയാണ്.

സമരം കൂടുതല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് കുമളിയിലും മറ്റ് പ്രദേശങ്ങളിലും പോലീസിന് ലാത്തി വീശേണ്ടി വന്നു. സംഘര്‍ഷം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ കൂടുതല്‍ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നേരെ ആക്രമമുണ്ടായതിനെ തുടര്‍ന്ന് ഇടുക്കി-തേനി ജില്ലാ കളക്ടര്‍മാര്‍ ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരിത്തി. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് ഇരുജില്ലാ കളക്ടര്‍മാരും ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തമിഴ്‌നാട്ടില്‍ സുരക്ഷ ഉറപ്പു വരുത്തുമെന്ന് തേനി കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും അയ്യപ്പഭക്തന്മാര്‍ക്കും വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

കുമളിയിലും വണ്ടിപ്പെരിയാറിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് അറിയിച്ചു. മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ. ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ ആളുകള്‍ കൂട്ടം കൂടുകയോ മുദ്രാവാക്യങ്ങള്‍ മുഴക്കുകയോ ചെയ്യരുതെന്ന് കളക്ടര്‍ സമരാനുകൂലികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Malayalam News

Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.