Categories

മുല്ലപ്പെരിയാര്‍ സമരം സി.പി.ഐ.എമ്മും കോണ്‍ഗ്രസ്സും ഒത്തുതീര്‍ത്തു?

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിനോട് പ്രശ്‌നം പരിശോധിക്കാം എന്നു മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് റിപ്പോര്‍ട്ട്. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചതായിട്ടായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചത്.

സമരം പിന്‍വലിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യത്തെ ആദ്യം അംഗീകരിച്ചത് പിണറായി ആയിരുന്നെന്നും പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, സര്‍വ്വകക്ഷി സംഘത്തിന്റെ നിലപാടുകളോട് പി.ജെ ജോസഫ് വിയോജിച്ചു. സമരങ്ങള്‍ പിന്‍വലിക്കേണ്ടതില്ലെന്നാണ് ജോസഫ് നിലപാടെടുത്തത്. പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ചു തന്നെ പി.ജെ ജോസഫ് വിയോജിപ്പ് അറിയിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശം പ്രശ്‌ന പരിഹാരമല്ലെന്ന് ജോസഫ് തുറന്നടിച്ചു. കെ.എം മാണി ഇടപെട്ട് ജോസഫിനെ പിന്തിരിപ്പിക്കുകയായിരുന്നു.

തുടക്കം മുതല്‍ മുല്ലപ്പെരിയാര്‍ സമരത്തോട് ഗൂഢമായി വിയോജിച്ച കോണ്‍ഗ്രസും സി.പി.ഐ.എമ്മും മുന്‍കൂട്ടി തീരുമാനിച്ച് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച മറയാക്കി തങ്ങളുടെ തീരുമാനം നടപ്പാക്കുകയായിരുന്നെന്നാണ് ആക്ഷേപം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന സര്‍വ്വകക്ഷി സംഘത്തിന്റെ കൂടിക്കാഴ്ചയ്ക്കു ശേഷം ചര്‍ച്ചയുടെ തീരുമാനങ്ങള്‍ അറിയിക്കാന്‍ പത്രസമ്മേളനം ചേരുന്നതിനു മുന്‍പ് കേരള നേതാക്കള്‍ പത്തുമിനിട്ടോളം നീണ്ടു നിന്ന ചര്‍ച്ച നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ അജന്‍ഡയാണു സമരം അവസാനിപ്പിക്കാനുള്ള തീരുമാനമെന്നാണു യോഗത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ നല്‍കുന്ന സൂചന.

കേരളാ കോണ്‍ഗ്രസ് എം, ബി.ജെ.പി, മറ്റു ചെറിയ കക്ഷികള്‍ തുടങ്ങിയവര്‍ ഈ നീക്കത്തില്‍ അതൃപ്തരായിരുന്നു. വി.എസ് അച്യുതാനന്ദനും പി.ജെ. ജോസഫും ഈ നീക്കത്തിന് എതിരായിരുന്നു. പ്രശ്‌നത്തില്‍ തീരുമാനമാകുന്നതുവരെ സമരം അവസാനിപ്പിക്കാന്‍ പറ്റില്ലെന്നു ജോസഫ് പറഞ്ഞപ്പോള്‍, ‘അവരവര്‍ ഇരിക്കുന്ന സ്ഥാനങ്ങള്‍കൂടി ഓര്‍മ്മിച്ചു വേണം ഇക്കാര്യം പറയാന്‍’ എന്നായിരുന്നു പിണറായിയുടെ പ്രതികരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം മാനിക്കുന്നുവെന്നും ഒരു മാസത്തിനകം തീരുമാനമുണ്ടായില്ലെങ്കില്‍ ഇപ്പോഴത്തെ നിലപാട് പുനഃപരിശോധിക്കുമെന്നും കെ.എം മാണി പിന്നീടു നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് കോണ്‍ഗ്രസ് സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്നു രമേശ് ചെന്നിത്തല പിന്നീടു പ്രഖ്യാപിച്ചിരുന്നു.

Malayalam News
Kerala News in English

2 Responses to “മുല്ലപ്പെരിയാര്‍ സമരം സി.പി.ഐ.എമ്മും കോണ്‍ഗ്രസ്സും ഒത്തുതീര്‍ത്തു?”

  1. jai

    ഇക്കാര്യത്തില്‍ ഇവന്മാരെ ഒന്നും വിശ്വസിക്കുന്ന പ്രശ്നം ഇല്ല. ഇത് നമ്മുടെ സമരമാണ്. ഡാം പൊട്ടിയാല്‍ ഇവനൊന്നും സംഭവിക്കില്ല. അതുകൊണ്ട് എന്ത് വിട്ടുവീഴ്ചക്കും തയ്യാര്‍. നമ്മുടെ കാര്യം അങ്ങനല്ലല്ലോ.

  2. N. Unnikrishnan Nair

    ജയലളിതക്കുമുന്‍പില്‍ അടിയറവുപറയുന്ന മലയാളി!
    അതെ, തലൈവിയുടെ വെറും ഒരു ‘ഫുള്‍പേജ്’ പരസ്യത്തിനുമുന്‍പില്‍ കേരള കക്ഷിരാഷ്ട്രീയക്കാര്‍ മുട്ടുമടക്കിയിരിക്കുന്നു; കഷ്ടം!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.