കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മലയാളികളുടെ കടകള്‍ ആക്രമിക്കാന്‍ ശ്രമിച്ച 40പേര്‍ അറസ്റ്റില്‍. ഇതില്‍ 11 കോളേജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. സ്റ്റേറ്റ് ബാങ്ക് റോഡിലുള്ള ഒരു ബേക്കറിക്ക് കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബേക്കറിക്കുണ്ടായ കേടുപാട് ഒഴിച്ചാല്‍ മറ്റ് മലയാളികളുടെ കടകളെല്ലാം സുരക്ഷിതമാണ്. ഈ കടകളെല്ലാം ഇന്നലെ മുഴുവനായും തുറന്ന് പ്രവര്‍ത്തിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ കേരളത്തില്‍ ആക്രമിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കോയമ്പത്തൂരില്‍ പ്രതിഷേധം ശക്തമായത്.  തമിഴ് ദേസിയ പൊതുഉടമൈയുടെ പ്രവര്‍ത്തകര്‍ ക്രോഡ് റോഡിലുള്ള ജ്വല്ലറിക്കുമുന്നില്‍ കടയടക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. ഇവരെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടന്‍ തന്നെ മാറ്റി.

Subscribe Us:

റെയില്‍വേസ്റ്റേഷന് മുന്നിലുള്ള ബേക്കറി ആക്രമിക്കപ്പെടുമെന്ന് കരുതി പോലീസ് അതിന് മു്ന്നില്‍ തടിച്ചുകൂടിയപ്പോള്‍ പ്രതിഷേധക്കാര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് തൊട്ടടുത്തുള്ള മറ്റൊരു ബേക്കറി ആക്രമിച്ചു. 21ഓളം വരുന്ന തമിഴ് നാടു മാനവ കഴകം പ്രവര്‍ത്തകര്‍ ബേക്കറിയില്‍ കടക്കുകയും ഷോപ്പ്  അടയ്ക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. ബേക്കറിയിലെ ഒരു ഗ്ലാസ് ഷോക്കേസ് അവര്‍ തകര്‍ത്തു. ഇവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

ദിവസക്കൂലിക്ക് കേരളത്തില്‍ പണിയെടുക്കുന്ന നിരവധി തമിഴ് സ്വദേശികളായ തൊഴിലാളികളുടെ ജീവിതത്തെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം വളരെയധികം ബാധിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയക്കാരില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത്തരം തൊഴിലാളികള്‍ തിരിച്ചുപോവുകയാണ്.