ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പിന്നോക്കം പോവുന്നു. ഡാം നിര്‍മ്മിക്കാന്‍ വീണ്ടും പഠനം നടത്തണമെന്നാണ് ജി.എസ്.ഐയുടെ പുതിയ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ജി.എസ്.ഐ കേരളസര്‍ക്കാറിന് കത്ത് നല്‍കി.

പുതിയ ഡാം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപമുള്ള എട്ടിടങ്ങളിലെ പാറകളുടെ സാമ്പിളുകള്‍ പഠനവിധേയമാക്കണമെന്നാണ് ജിഎസ്‌ഐയുടെ നിര്‍ദേശം. നേരത്തെ പത്തു സാമ്പിള്‍ പഠനങ്ങള്‍ നടത്തി പുതിയ ഡാമിന് അനുമതി നല്‍കിയ സമിതിയാണ് ഇപ്പോള്‍ വീണ്ടും സാമ്പിള്‍ പഠനം വേണമെന്ന നിര്‍ദ്ദേശിക്കുന്നത്.

മുല്ലപ്പെരിയാറില്‍ കാലഹരണപ്പെട്ട നിലവിലെ ഡാമിനു പകരം ഒരു മിനിഡാം അടക്കം രണ്ടു ഡാമുകള്‍ നിര്‍മ്മിക്കാനാണ് കേരളത്തിന്റെ പദ്ധതി. മുല്ലപ്പെരിയാറില്‍ കാലഹരണപ്പെട്ട നിലവിലെ ഡാമിനു പകരം ഒരു മിനിഡാം അടക്കം രണ്ടു ഡാമുകള്‍ നിര്‍മ്മിക്കാനാണ് കേരളത്തിന്റെ പദ്ധതി.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി കേരളത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരളം പുതിയ ഡാം നിര്‍മ്മിക്കുന്ന സ്ഥലത്ത പരിശോധന നടത്താന്‍ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടത്.