ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ ചെലവിലേക്ക് പണം വകയിരുത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സമിതിയുടെ ചെലവ് കേരളവും തമിഴ്‌നാടും തുല്യമായി വഹിക്കണമെന്നും കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് വേണ്ടി അഭിഭാഷകന്‍ ഹരേന്‍ പി.റാവല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്ക പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ പണം ചെലവഴിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അണക്കെട്ടുമായി ബന്ധപ്പെട്ട സാങ്കേതിക, സുരക്ഷാനിയമവശങ്ങള്‍ പരിശോധിക്കുന്നതിന് ഒരു മാസത്തിനകം സമിതി രൂപവത്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന്് ഫിബ്രവരി 18നാണ് സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചത്. ഈ കാലാവധി ഇന്നവസാനിച്ച സാഹചര്യത്തിലാണ് കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.എന്നാല്‍ പണം വകയിരുത്തി സമിതി രൂപവത്കരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥമാണെന്ന് ഭരണഘടനയുടെ 282ാം വകുപ്പ് ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.

ഇതിനിടെ വിദഗ്ധ സമിതി രൂപവത്കരിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കാനായി തമിഴ്‌നാട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയിലെ കേരളത്തിന്റെ പ്രതിനിധി മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി. തോമസ് ആണ്. എന്നാല്‍ , തങ്ങളുടെ പ്രതിനിധിയെ നിശ്ചിയിക്കുന്നതിനുപകരം, ഉത്തരവ് പിന്‍വലിക്കണമെന്ന അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുകയാണ് തമിഴ്‌നാട് ചെയ്തിരിക്കുന്നത്.സമിതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിദഗ്ധരും അംഗങ്ങളായിരിക്കും. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തുടര്‍ന്ന് ഭരണഘടനാബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.