ന്യൂദല്‍ഹി: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഒഞ്ചിയത്ത് വ്യാപകമായ അക്രമം നടത്താനായിരുന്നു സി പി ഐ എം ശ്രമിച്ചിരുന്നതെന്ന് കേന്ദ്ര ആഭ്യന്ത്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ ഇത് യു ഡി എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് കണ്ണൂരില്‍ അവര്‍ അക്രമം നടത്തിയത്. ജില്ലയില്‍ അക്രമം ഉണ്ടാകുമെന്ന് വസ്തുനിഷ്ഠമായ വിവരം ലഭിച്ചിരുന്നുവെന്നും അക്രമം ആസൂത്രണം ചെയ്തത് ആഭ്യന്ത്ര മന്ത്രി കൊടിയേരി ബാലകൃഷ്ണനാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വ്യാപകഅക്രമം ഉണ്ടാകുമെന്ന് ആഭ്യന്ത്ര മന്ത്രാലയത്തിന് മുന്‍കൂര്‍ വിവരം ലഭിച്ചിരുന്നു. എന്തെങ്കിലും അതിക്രമം ഉണ്ടായാല്‍ കേന്ദ്രസേനയുടെ സഹായം ലഭ്യമാക്കുമെന്നും സംസ്ഥാനത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസേനയെ ആവശ്യമില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് വ്യക്തമാക്കുകയായിരുന്നു. അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കണ്ണൂരില്‍ ഭീതിരഹിതമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന് തിരഞ്ഞെടുപ്പുദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുല്ലപ്പള്ളി കെ പി സി സി വൈസ് പ്രസിഡന്റ് എന്ന നിലയിലേക്ക് തരംതാഴരുതെന്നും അദ്ദേഹത്തിന്റെ പദവി മനസ്സിലാക്കി അഭിപ്രായം പ്രകടിപ്പിക്കണമെന്നും കോടിയേരി മറുപടി നല്‍കിയിരുന്നു.