നിലമ്പൂര്‍: നിലമ്പൂര്‍-ഷോര്‍ണൂര്‍ പാസഞ്ചര്‍ അട്ടിമറിശ്രമം എന്‍ ഐ എ അന്വേഷിക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനപോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട ആവശ്യം ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആസൂത്രിതമായ ശ്രമമായിരുന്നു നിലമ്പൂരിലേത്. ലോക്കോമോട്ടീവ് എഞ്ചിനുകളെക്കുറിച്ച് അറിവുള്ളവരുടെ സഹായം അക്രമികള്‍ക്ക് ലഭിച്ചിട്ടുണ്ടാവാമെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്രഏജന്‍സി അന്വേഷിക്കുമെന്ന് നേരത്തെ മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

അതിനിടെ ട്രെയിന്‍ അട്ടിമറിശ്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി വൈ എസ് പി മണിയനാണ് അന്വേഷണച്ചുമതല. അന്വേഷണ പുരോഗതി വിലയിരുത്താന്‍ റയില്‍വേ ടി എസ് രാജു നേരത്തെ നിലമ്പൂരിലെത്തിയിരുന്നു. നിലമ്പൂര്‍ അടക്കമുള്ള റയില്‍വേ സ്റ്റേഷനുകളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് റയില്‍വേ ഡിവിഷണല്‍ സുരക്ഷാ കമ്മീഷണര്‍ ടി എസ് രാജു പറഞ്ഞു.