തിരുവനന്തപുരം: കരിമഠം കോളനിയില്‍ അമേരിക്കന്‍ കമ്പനി നടത്തിയെന്ന് ആരോപിക്കുന്ന സര്‍വ്വേയെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍വ്വേ നടത്തിയ ഏജന്‍സിയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

വിവാദസര്‍വ്വേയുമായി ബന്ധപ്പെട്ട് ചാരപ്രവര്‍ത്തി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. മുസ്‌ലിം ഭൂരിപക്ഷമേഖലകളിലെ സര്‍വ്വേ ദുരൂഹമാണെന്ന് കേന്ദ്രഇന്റലിജന്‍സ് വിലയിരുത്തിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

സര്‍വ്വേയെക്കുറിച്ച് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഒക്ടോബര്‍ രണ്ടിന് നഗരത്തിലെ കരിമഠം കോളനി കേന്ദ്രീകരിച്ചാണ് സര്‍വ്വേ നടന്നത്. സര്‍വ്വേയില്‍ സംശയാസ്പദമായ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. മൂന്നുയുവതികളായിരുന്നു സര്‍വ്വേയ്‌ക്കെത്തിയിരുന്നത്. തുടര്‍ന്ന് ഫോര്‍ട്ട് പോലീസെത്തി യുവതികളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.