എഡിറ്റര്‍
എഡിറ്റര്‍
പാര്‍ലിമെന്റില്‍ ഇംഗ്ലീഷ് നിരോധിക്കണമെന്ന മുലായത്തിന്റെ അഭിപ്രായത്തിനെതിരെ ശശി തരൂര്‍
എഡിറ്റര്‍
Monday 18th November 2013 6:27pm

tharoor2

ന്യൂദല്‍ഹി: പാര്‍ലിമെന്റില്‍ ഇംഗ്ലീഷ് നിരോധിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ അഭിപ്രായത്തിനെതിരെ കേന്ദ്രമന്ത്രി ശശിതരൂര്‍ രംഗത്ത്. മുലായത്തിന് അങ്ങിനെ പറയാനാകില്ലെന്നും കാരണം മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവ് പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണെന്നും തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഹിന്ദിയില്‍ വോട്ടഭ്യര്‍ത്ഥിക്കുകയും ഇംഗ്ലീഷില്‍ പാര്‍ലിമെന്റില്‍ സംസാരിക്കുകയും ചെയ്യുന്ന നേതാക്കന്മാരുടെ രീതിനിര്‍ത്തലാക്കണമെന്ന മുലായത്തിന്റെ വിവാദ പരാമര്‍ശം.

ഹിന്ദിയുടെ അഭിവൃദ്ധിക്കായി ജനങ്ങളെ പരിപോഷിപ്പിക്കുന്ന ഏട്ടവാഹ് ഹിന്ദി സേവ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മുലായം ഇംഗ്ലീഷിനെതിരെ തിരിഞ്ഞത്. ഇതിനെതിരെയാണ് തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

മുലായത്തിന്റെ പ്രസ്താവനയെ മാനിക്കുന്നുവെന്നും അതേസമയം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മക്കളുടെ പുരോഗതിക്കായി ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യം നേടണമെന്നാണ് എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

തന്റെ സംസ്ഥാനമായ കേരളത്തിലായിരുന്നു മുലായത്തിന്റെ പ്രസ്താവനയെങ്കില്‍ വിലപ്പോകില്ലായിരുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. മുലായത്തിന്റെ ഇംഗ്ലീഷ് നിരോധന പ്രസ്താവനക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

കോണ്‍ഗ്രസ്സിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്സും മുലായത്തിന്റെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തി. ഇംഗ്ലീഷിനെതിരായ പരാമര്‍ശം ശരിയായില്ല. പുതിയ ഇന്ത്യയെയും അതിനെ പ്രതിനിധാനം ചെയ്യുന്ന യുവജനങ്ങള്‍ക്കും എതിരാണ് മുലായത്തിന്റെ നിലപാടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

Advertisement