ന്യൂദല്‍ഹി:കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് 403 അംഗ യു.പി നിയമസഭയില്‍ സ്വന്തം നിലയില്‍ സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ എത്തുമ്പോള്‍ വിജയശില്‍പിയായിമാറാനുള്ള ഭാഗ്യവും മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവിന്. ജനപിന്തുണ ആര്‍ജിക്കല്‍ അതൊരു വലിയ കലതന്നെയാണെന്ന് അഖിലേഷ് യാദവ് തെളിയിച്ചു. അതും കുറഞ്ഞകാലം കൊണ്ട്.

ജാതീയഘടകങ്ങളുടെ രാഷ്ട്രീയധാരണകള്‍ക്കൊപ്പം പുതുകാലത്തിന്റേയും വോട്ടര്‍മാരുടേയും പള്‍സറിഞ്ഞ് പ്രവര്‍ത്തിക്കുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. അച്ഛന്റെ നിഴലായി പാര്‍ട്ടിയില്‍ ഒതുങ്ങിക്കൂടാന്‍ തയ്യാറായില്ല അഖിലേഷ്. ജാതി മത വിഭാഗങ്ങള്‍ക്കതീതമായി യു.പിയുടെ പൊതുപിന്തുണ ആര്‍ജിച്ചെടുക്കാനായിരുന്നു ആദ്യശ്രമം. മായാവതി സര്‍ക്കാരിനെതിരായ പ്രചാരണം നടത്താന്‍ 10000 കിലോമീറ്റര്‍ ദൂരമാണ് മുലായം പുത്രന്‍ താണ്ടിയത്.

രണ്ടായിരത്തിലാണ് അഖിലേഷിന്റെ രാഷ്ട്രീയപ്രവേശനം. കനൗജ് മണ്ഡലത്തില്‍ നിന്ന് 27 ാം വയസ്സില്‍ ലോക്‌സഭാംഗമായി.2009 ല്‍ രണ്ടിടത്തുനിന്നാണ് ലോകസഭയിലേക്ക് മത്സരിച്ചത്. രണ്ടിലും മിന്നുന്ന ജയം.മായാവതി പണിതീര്‍ത്ത പ്രതിമകളൊന്നും തകര്‍ക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്ന് ഇന്നലെ വ്യക്തമാക്കിയപ്പോഴും കണ്ടത് അഖിലേഷിലെ പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിനെയാണ്.

രാഹുല്‍ ഗാന്ധിയേയും മായാവതിയേയും ഒരിക്കല്‍ പോലും അപഹസിക്കാന്‍ ഒരിക്കല്‍പോലും അഖിലേഷ് ശ്രമിച്ചിട്ടില്ല. മരിച്ചയാളെ എന്തിന് കൊല്ലണം എന്ന ചോദ്യവുമായി ഒരിക്കല്‍ മായാവതി മുലാത്തിനെ പരിഹസിച്ചു. എന്നാല്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യയുടെ രാഷ്ടീയ ഹൃദയം മകനോടൊപ്പം തേര്‍തെളിച്ച് മുലായം തിരിച്ചുപിടിക്കുമ്പോള്‍ ഈ വാക്കുകള്‍ മായാവതിയേയും ബി.എസ്.പിയേയും തിരിഞ്ഞുകൊത്തുകയാണ്.

പഴയകാല ഫയല്‍വാന്‍ കൂടിയായ മുലായത്തിന് ഇത് മധുരമായ പകരം ചോദിക്കലും. 1967 ല്‍ സമാജ് വാദി സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം നടത്തിയത്. ബോഫേഴ്‌സ് പ്രശ്‌നം ആളിക്കത്തിയതോടെ 1989 ല്‍ ആദ്യമായി മുലായം മുഖ്യമന്ത്രി കസേരയിലെത്തി. 1991 ല്‍ ബാബരി പ്രശ്‌നത്തില്‍ ബി.ജെ.പി പയറ്റിയ തന്ത്രങ്ങള്‍ മുലായത്തിന് തിരിച്ചടിയായി. എന്നാല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷം സമാജ് വാദി പാര്‍ട്ടിയെന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി മുലായം യു.പി രാഷ്ട്രീയത്തിന്റെ നടുക്കളത്തിലെത്തി.

യു.പിയെന്ന വലിയ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതീക്ഷയുടെ വിത്തിറക്കി കാത്തിരുന്ന പ്രധാനപാര്‍ട്ടകള്‍ക്കെല്ലാം തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി. ജനങ്ങള്‍ പക ബി.എസ്.പിയോട് മാത്രമല്ല തീര്‍ത്തത്.ദേശീയ മുഖ്യധാര കക്ഷികളെന്ന നിലയ്ക്ക് കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും ഇടം നല്‍കാതിരിക്കാനും വകതിരിവുള്ള വോട്ടര്‍മാര്‍ തീരുമാനിച്ചു.

എല്ലാവിഭാഗങ്ങളുടേയും സ്വീകാര്യതയാണ് ഒറ്റയ്ക്ക് അധികാരം പിടിക്കാന്‍ എസ്.പിയ്ക്ക് തുണയായത്. രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. പിന്നിട്ട 22 കൊല്ലം കോണ്‍ഗ്രസേതര കക്ഷികള്‍ തന്നെയായിരുന്നു യു.പി ഭരണത്തില്‍ അത് തിരുത്താനാണ് രാഹുല്‍ ഗാന്ധി പട നയിച്ചത്. ഏകകക്ഷി ഭരണത്തിന്റെ വ്യാമോഹം നിലനിര്‍ത്തുമ്പോഴും അജിത് സിങിന്റെ രാഷ്ട്രീയ ലോക്ദളുമായി കോണ്‍ഗ്രസ് കൈകോര്‍ത്തു.

എന്നാല്‍ റായ്‌ബേലി അമേത്തി ബരാബങ്കി ഉള്‍പ്പെടെ പരമ്പരാഗത കോണ്‍ഗ്രസ് തട്ടകങ്ങളില്‍ പോലും കാറ്റ് മാറി വീശി. ഇതിനേക്കാള്‍ ദയനീയമാണ് മായാവതിയുടെ പരാജയം. ദലിത് വോട്ടുബാങ്കില്‍ കാര്യമായ വിള്ളല്‍ വീണില്ലെങ്കിലും ബി.എസ്.പിയുടെ സീറ്റുകള്‍ ഗണ്യമായി കുറഞ്ഞു. ഉത്തര്‍പ്രദേശില്‍ കല്യാണ്‍സിങ് യുഗത്തോടെ തകര്‍ന്ന ബി.ജെ.പിയ്ക്ക് തിരിച്ചുവരവ് എളുപ്പമല്ലെന്ന് ജനവിധി അടിവരയിടുന്നു. കീഴ്ത്തട്ടിലെ ചലനങ്ങള്‍ ഉള്‍ക്കൊളളാതെ മിഥ്യകളില്‍ കെട്ടിപ്പൊക്കിയ തന്ത്രങ്ങളുടെ ദുരന്തപൂര്‍ണമായ പര്യവസാനമാണ് യു.പിയുടെ ജനവിധി.

Malayalam news

Kerala news in English