മുളന്തുരുത്തി: സൈക്കിളില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന നാലു പോലീസുകാര്‍ക്ക് സുപ്രീംകോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. പോലീസുകാരെ യാത്രക്കാരായി മാത്രമേ കാണാനാവൂയെന്ന് കോടതി പറഞ്ഞു.
പോലീസുകാര്‍ ഇപ്പോള്‍ ഒളിവിലാണ്.

ഒരുമാസംമുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമീപത്തെ കടയിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ മുളന്തുരുത്തി ഭാഗത്തുനിന്ന് അമിതവേഗത്തില്‍വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഹപ്രവര്‍ത്തകന്റെ യാത്രയയപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പിറവം സ്റ്റേഷനിലെ പോലീസുകാര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ പോലീസ് മടിച്ചത് നാട്ടുകാരില്‍ സംശയമുയര്‍ത്തിയിരുന്നു .അന്വേഷണത്തെത്തുടര്‍ന്ന് അപകടത്തിനു കാരണക്കാരായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.