മുളന്തുരുത്തി: സൈക്കിളില്‍ പോവുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പോലീസുകാര്‍ സഞ്ചരിച്ച കാറിടിച്ചായിരുന്നു അപകടം. വെട്ടിക്കല്‍ കപ്പിലുമാംതടത്തില്‍ കുമാരന്റെ മകന്‍ ശ്രീജിത് (14), കുമാരന്റെ സഹോദരന്‍ മണിയുടെ മകന്‍ അമല്‍ (13) എന്നിവരാണ് മരിച്ചത്. പോലീസുകാര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ഐ.ജി ശ്രീലേഖ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

വ്യാഴാഴ്ച വൈകീട്ട് 7.45ഓടെയാണ് അപകടമുണ്ടായത്. സമീപത്തെ കടയിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന ഇവരെ മുളന്തുരുത്തി ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ വെട്ടിക്കല്‍ കോളനിക്ക് സമീപത്തുവച്ച് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇടിയുടെ ആഘാതത്തില്‍ ശ്രീജിത് സമീപത്തെ വീടിന്റെ മതിലിനകത്തേക്ക് തെറിച്ചുവീണു. അപകട സ്ഥലത്തു നിര്‍ത്താതെ പോയ കാര്‍ അടുത്ത കവലയില്‍ നിര്‍ത്തി അവിടത്തെ കടക്കാരോട് വിവരം പറഞ്ഞ ശേഷം വിട്ടു പോവുകയായിരുന്നു. അതു വഴി വരികയായിരുന്ന മുളന്തുരുത്തി എസ്‌ഐയും സംഘവും അപകടം കണ്ട് വണ്ടി നിര്‍ത്തി പരുക്കേറ്റു കിടന്ന അമലിനെയും കൊണ്ട് ആശുപത്രിയിലേക്കു പോയി. പരിക്കേറ്റ ശ്രീജിത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ശ്രീജിത്തിനെ കണ്ടെത്തി മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുപോയത്.

അപകടത്തിനിടയാക്കിയ കാര്‍ പിറവം സ്‌റ്റേഷനിലെ പൊലീസുകാര്‍ സഹപ്രവര്‍ത്തകന്റെ യാത്രയയപ്പ് കഴിഞ്ഞു മടങ്ങിയ കാറാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് അപകട സ്ഥലത്ത് രാത്രി സംഘര്‍ഷാവസ്ഥയുണ്ടായി. മരിച്ച കുട്ടികള്‍ തലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. അമല്‍ എട്ടാം ക്ലാസിലും ശ്രീജിത് ഒന്‍പതാം ക്ലാസിലും പരീക്ഷ കഴിഞ്ഞു നില്‍ക്കുസകയായിരുന്നു.

അപകടത്തിനിടയാക്കിയ കാര്‍ പുളിക്കമാലിക്ക് സമീപമുള്ള വര്‍ക്‌ഷോപ്പില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ സംഘടിച്ച് പൊലീസിനെ വളഞ്ഞു. കാര്‍ കണ്ടെത്തുമ്പോള്‍ ഇതില്‍ ആളുകള്‍ ആരും ഇല്ലായിരുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ പൊലീസ് മടിച്ചതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഈ കാര്‍ പിറവം പൊലീസ് സ്‌റ്റേഷനു സമീപമുള്ളതാണെന്നും സ്‌റ്റേഷനിലെ ആവശ്യങ്ങള്‍ക്കായി ഓടുന്നതാണെന്നും കണ്ടെത്തിയത്.

സംഭവ സ്ഥലത്തെത്തിയ പിറവം സിഐ, കാര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീസ് പുത്തന്‍വീടന്റെയും ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. എ. ജോണിന്റെയും നേതൃത്വത്തില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. മദ്യപിച്ച് കാറില്‍ സഞ്ചരിച്ച പൊലീസുകാരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞ് വാഹനഗതാഗതം തടസ്സപ്പെടുത്തി.