കൊല്‍ക്കത്ത: അസമില്‍ ട്രെയിന്‍ പാളം തെറ്റിയ സ്ഥലം സന്ദര്‍ശിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം റെയില്‍വേ സഹമന്ത്രി മുകുള്‍ റോയ് നിരസിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മുകുള്‍ റോയ് മുന്‍ റെയില്‍വേ മന്ത്രിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ്.

അസമിലെ കാമരൂപ് ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് ട്രെയിന്‍ പാളം തെറ്റിയത്. സ്‌ഫോടനത്തില്‍ പാളം തകര്‍ന്നതിനെത്തുടര്‍ന്ന് ഗുവാഹത്തി-പുരി എക്‌സ്പ്രസ് മരിയുകയായിരുന്നു. അപകട സ്ഥലം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് റെയില്‍വേ സഹമന്ത്രി മുകുള്‍ റോയിയോട് നിര്‍ദേശിച്ചുവെങ്കിലും അദ്ദേഹം തയ്യാറായില്ല. താനല്ല പ്രധാനമന്ത്രിയാണ് റെയില്‍വേ മന്ത്രിയെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മുകുള്‍ റോയിയുടെ പ്രതികരണം. അസമിലേക്ക് പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും റെയില്‍വേ ജനറല്‍ മാനേജരുമായി സംസാരിക്കുന്നതാവും നല്ലതെന്നുമായിരുന്നു മുകുള്‍ റോയിയുടെ മറുപടി.

അസമിലേക്ക് പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും റെയില്‍വേ ജനറല്‍ മാനേജരുമായി സംസാരിക്കുന്നതാവും നല്ലതെന്നുമായിരുന്നു മുകുള്‍ റോയിയുടെ മറുപടി.

മമതാ ബാനര്‍ജി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായതോടെ റെയില്‍വേ വകുപ്പ് പ്രധാനമന്ത്രി നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. കെ.എച്ച്. മുനിയപ്പ, ഭരത് സിംഗ് സോളങ്കി, മുകുള്‍ റോയ് എന്നിവര്‍ സഹമന്ത്രിമരായുണ്ട്. മുകുള്‍ റോയിക്ക് റെയില്‍വേക്ക് പുറമേ ഷിപ്പിംഗ് വകുപ്പിന്റെയും സഹമന്ത്രി സ്ഥാനമുണ്ട്.