ന്യൂദല്‍ഹി: റെയില്‍വെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചത് ഭാഗികമായി പിന്‍വലിച്ചു. റെയില്‍വെ ബജറ്റിന് മറുപടി പറയവെ റെയില്‍വെ മന്ത്രി മുകള്‍റോയ് ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. ജനറല്‍, സ്ലീപ്പര്‍ ക്ലാസുകളില്‍ വരുത്തിയ യാത്രാക്കൂലിയാണ് പിന്‍വലിച്ചത്. ഫസ്റ്റ് എ.സി, സെക്കന്‍ഡ് എ.സി എന്നിവയിലെ നിരക്ക് വര്‍ധന പിന്‍വലിച്ചിട്ടില്ല. മൂന്നുരൂപയില്‍ നിന്നും അഞ്ചുരൂപയാക്കി ഉയര്‍ത്തിയ പ്ലാറ്റ്‌ഫോം ടിക്കറ്റു നിരക്ക് വര്‍ധന പിന്‍വലിച്ചതായി മുകുള്‍ റോയ് വ്യക്തമാക്കിയിട്ടുമില്ല.

സാധാരണ യാത്രക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ടിക്കറ്റ് വര്‍ധനവ് പിന്‍വലിച്ച കാര്യം അറിയിക്കവെ മുകുള്‍റോയ് പറഞ്ഞു.

2012-2013 വര്‍ഷത്തെ റെയില്‍വെ ബജറ്റില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് റെയില്‍വെ മന്ത്രിയായിരുന്ന ദിനേശ് ത്രിവേദിക്ക് രാജിവെക്കേണ്ടി വരികയായിരുന്നു. കിലോമീറ്ററിന് 10 പൈസ മുതല്‍ 30 പൈസ വരെയാണ് വര്‍ദ്ധിപ്പിച്ചിരുന്നത്. നിരക്കു വര്‍ധനയുടെ പേരില്‍ സ്വന്തം പാര്‍ട്ടി നേതാവായ മമതാ ബാനര്‍ജിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ത്രിവേദിക്കു മന്ത്രിസ്ഥാനം നഷ്ടമായത്.

Malayalam news

Kerala news in English