തിരുവനന്തപുരം: നിയമവിരുദ്ധമായി നിര്‍മിച്ചതിന്റെ പേരില്‍ പൊളിച്ചുമാറ്റാനായി സര്‍ക്കാര്‍ ഉത്തരവിട്ട ഫ്‌ളാറ്റിന്റെ പരസ്യത്തില്‍ ബ്രാന്‍ഡ് അംബാസിഡറായി സി.പി.ഐ.എം എം.എല്‍.എയും നടനുമായ മുകേഷ്.

പാലക്കാട് നഗരത്തോട് ചേര്‍ന്ന് കല്‍മണ്ഡപത്താണ് പന്ത്രണ്ട് നില ഫ്‌ലാറ്റില്‍ ബുക്കിങ് ഇപ്പോഴും തുടരുന്നത്. ഫ്‌ളാറ്റിന്റെ പരസ്യത്തില്‍ എത്തിയിരിക്കുന്നത് മുകേഷാണ്.

നെല്‍വയല്‍ നികത്തിയും ഇല്ലാത്ത അപേക്ഷകരുടെ പേരില്‍ പാലം നിര്‍മിച്ചുമാണ് ഫ്‌ളാറ്റ് പണിതതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അത് പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

പാലക്കാട് കല്‍മണ്ഡപത്ത് മലന്പുഴ ലെഫ്റ്റ് ബാങ്ക് കനാലിന് സമീപത്താണ് നെല്‍വയല്‍ നികത്തി റിയല്‍ എസ്റ്റേറ്റ് കന്പനി ഫ്‌ളാറ്റ് പണിതത്. ഫ്‌ളാറ്റ് നിര്‍മാണത്തിന് മുന്നോടിയായി കനാലിന് കുറുകെ പാലം നിര്‍മിക്കാന്‍ ഇല്ലാത്ത ആളുകളുടെ പേരില്‍ ജലസേചന വകുപ്പിന് ലഭിച്ച അപേക്ഷയില്‍ പാലം നിര്‍മാണത്തിനും അനുമതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി നാല്‍പ്പത്തഞ്ച് ഏക്കറോളം നെല്‍വയലാണ് നികത്തിയത്. വിജിലന്‍സ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ പാലം പൊളിച്ച് നീക്കണമെന്നും അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റ് പൊളിച്ചു നീക്കി നെല്‍വയല്‍ പുനഃസ്ഥാപിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.


Dont Miss ഒരു ബൂത്തില്‍ ഒരു ബീഫ് കട തുറക്കുമോ? കുമ്മനം മറുപടി പറയണം; പ്രഖ്യാപനത്തില്‍ അമിത് ഷാ ഉറച്ചുനില്‍ക്കുമോയെന്നും കോടിയേരി


എന്നാല്‍, വിവിധ വകുപ്പുകളുടെ സഹായത്തോടെ ഇത്രനാളായിട്ടും ഉത്തരവ് നടപ്പാക്കയിരുന്നില്ല. ഇതിന് പിന്നാലെയാണ് എം.എല്‍.എ കൂടിയായ മുകേഷ് ഈ ഫ്‌ളാറ്റിന്റെ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നത്.

അതേസമയം ഇത്തരമൊരു ആരോപണത്തില്‍ വസ്തുതയില്ലെന്ന് ലാന്‍ഡ് ലിങ്ക്‌സ് എം.ഡി കെ. എസ് സേതുമാധവന്‍ പറഞ്ഞു. പാലത്തിനെതിരായോ ഫ്‌ളാറ്റുകള്‍ക്കും വില്ലകള്‍ക്കുമെതിരായോ സര്‍ക്കാരോ വിജിലന്‍സോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറുന്നത്.