എഡിറ്റര്‍
എഡിറ്റര്‍
ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനുമുമ്പില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
എഡിറ്റര്‍
Monday 21st August 2017 11:42am

കൊച്ചി: ഐ.എസ്.ഐ.എസ് വിരുദ്ധ ബോധവത്കരണത്തിന് ഇറങ്ങിയ മുജാഹിദ്- ഗ്ലോബല്‍ ഇസ്‌ലാമിക് വിഷന്‍ പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു പോകുന്ന ഇവരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

‘ഐ.എസ്: മതനിഷേധം, മാനവവിരുദ്ധം’ എന്ന ലഘുലേഖ വിതരണം ചെയ്തതിന്റെ പേരിലാണ് വിസ്ഡം പ്രവര്‍ത്തകരെ തീവ്രവാദികള്‍ എന്നാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടികൂടിയത്. ഇവരെ ക്രൂരമായി മര്‍ദ്ദിച്ചശേഷം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നവേളയില്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനെത്തിയവരെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചിരുന്നു. കസ്റ്റഡിയിലെടുത്തവരെ കാണാനെത്തിയവരെ യുവാക്കളെ പൊലീസ് സ്റ്റേഷനു സമീപം കൂടിനിന്ന ഹിന്ദു ഐക്യവേദി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിപ്പെടുത്തുകയും ഇത് പൊലീസ് തടഞ്ഞപ്പോള്‍ കൂടുതല്‍ ആളുകളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയുമായിരുന്നു.


Also Read: ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ച സംഭവം; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍


പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ പലരും പൊലീസ് സ്റ്റേഷന് ഉള്ളിലേക്ക് ഓടിപ്പോകുകയും ചെയ്തു. ഉച്ചയോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സ്ഥിതി നിയന്ത്രണവിധേയമായത്.

ഞായറാഴ്ച രാവിലെയാണ് മുജാഹിദ് പ്രവര്‍ത്തകരെ സംഘപരിവാറുകാര്‍ തീവ്രവാദികളെന്നാരോപിച്ച് പൊലീസിനെ ഏല്‍പ്പിച്ചത്. തുടര്‍ന്നായിരുന്നു സ്‌റ്റേഷനുമുമ്പില്‍ അക്രമങ്ങള്‍ അരങ്ങേറിയത്.

മതതീവ്രവാദം പ്രചരിപ്പിക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ ലഘുലേഖകള്‍ വിതരണം ചെയ്തെന്നാരോപിച്ച് 39 പേരെയാണ് പറവൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം കേസെടുത്തശേഷം വിട്ടയക്കുകയായിരുന്നു.

Advertisement