ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിയേക്കാള്‍ നിരാശജനകമായിരുന്നു ടീമിന്റെ പ്രകടനം. 180 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ടീം ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനോട് ഏറ്റുവാങ്ങിയത്. പാകിസ്ഥാനോടാണെന്നുള്ളത് തോല്‍വിയുടെ ആഘാതം കൂട്ടുകയും ചെയ്തു.

തോല്‍വിയുടെ അമര്‍ഷം ഇന്ത്യന്‍ താരങ്ങള്‍ക്കും ഉണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങളെ കളിയാക്കാന്‍ പാക് ആരാധകരും മറന്നില്ലെന്നതാണ് വാസ്തവം. മത്സരശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങവെ പാക് ആരാധകരുടെ പരിഹാസത്തിനും തെറിവിളിക്കുമൊക്കെ ഇന്ത്യന്‍ താരങ്ങള്‍ ഇരയായി.


Also Read: സ്വന്തം വീടിന്റെ വേദനയ്‌ക്കൊപ്പമോ ഭര്‍തൃഗൃഹത്തിന്റെ സന്തോഷത്തോടൊപ്പമോ?; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനു പിന്നാലെ ലോകം കാത്തിരുന്ന മറുപടിയുമായി സാനിയ മിര്‍സ 


ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയോട് എല്ലാം പൊട്ടിത്തകര്‍ന്നു പോയില്ലെ എന്നായിരുന്നു പാക് ആരാധകന്റെ കമന്റ്. കോഹ് ലിയ്ക്ക് പിന്നാലെ വന്ന രോഹിതിനും ഷമിയ്ക്കും നേരേയും ഈ ആരാധകന്റെ അസഭ്യവര്‍ഷമായിരുന്നു. നിന്റെ അച്ഛന്‍ ആരാണെന്നു മനസിലായോ എന്നായിരുന്നു അയാളുടെ കമന്റ്. എന്നാല്‍ ഇത് ഷമിയെ പ്രകോപിപ്പിച്ചു.

മുന്നോട്ട് പോവുകയായിരുന്ന ഷമി തിരികെ പടിയിറങ്ങി അയാള്‍ക്കരികിലേക്ക് വരികയായിരുന്നു. നല്ല ദേഷ്യത്തിലായിരുന്നു താരം. എന്നാല്‍ പതിവു പോലെ കൂളായ ധോണി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഷമിയെ ചേര്‍ത്തു പിടിച്ച് ധോണി ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടു പോവുകയായിരുന്നു.