Administrator
Administrator
റ­ഫി­യു­ടെ ഓര്‍­മ­കള്‍­ക്ക് 30 വര്‍­ഷം
Administrator
Saturday 31st July 2010 1:26pm


സരി­ത കെ വേണു

ബൈ­ജു ബാ­വ്‌ര­യു­ടെ പാ­ട്ടി­ന്റെ റെ­ക്കോര്‍­ഡി­ങ് ന­ട­ക്കു­ക­യാ­ണ്. ഏ­റ്റവും ഉ­യര്‍­ന്ന സ്ഥാ­യി­യില്‍ പാ­ടു­ക­യാ­ണ് ഗാ­യകന്‍. ”ഓ ദു­നി­യാ­ക്കെ ര­ഖ്‌വാ­ലേ”…ഗാ­യക­ന്റെ തൊ­ണ്ട­യില്‍ നി­ന്ന് ര­ക്തം വ­രു­ന്ന­തുക­ണ്ട് സം­ഗീ­ത­സം­വി­ധാ­യ­കനാ­യ നൗ­ഷാ­ദ് ഉ­ടന്‍ത­ന്നെ റെ­ക്കോര്‍­ഡി­ങ് നിര്‍­ത്തി­വ­ച്ചു. അ­ദ്ദേഹ­ത്തെ ആ­ശു­പ­ത്രി­യില്‍ കൊണ്ടു­പോയി. അ­ന്ന് പാ­ട്ടു­പാ­ടി തൊ­ണ്ട­യില്‍ നിന്ന് ചോ­ര­വാര്‍­ന്ന ഗാ­യ­കന്‍ മ­റ്റാ­രു­മല്ല അ­ന­ശ്വ­രനാ­യ മു­ഹമ്മ­ദ് റ­ഫി­യാ­യി­രു­ന്നു. ആ ഗാ­ന­ത്തി­നു­ശേ­ഷം അ­തുവരെ ത­ന്റെ എല്ലാ പാ­ട്ടു­കളും പാടി­യ തല­ദ് മ­ഹ്മൂ­ദി­ന് പക­രം നൗ­ഷാ­ദ് റ­ഫി­യെ­ തി­ര­ഞ്ഞെ­ടു­ക്കു­ക­യാ­യി­രുന്നു.

റ­ഫി­യില്ലാ­യി­രു­ന്നെ­ങ്കില്‍ ഗു­രു­ദത്ത് ചൗ­ദ്‌വി ക ചാ­ന്ദ് പാ­ടി വ­ഹിദാ ­റഹ്­മാ­നെ സ്­ക്രീ­നില്‍ പ്ര­ണ­യി­ക്കില്ലാ­യി­രുന്നു. ഗൈ­ഡില്‍ ദേ­വാന­ന്ദ് ഹൃ­ദ­യം­പൊ­ട്ടി ദിന്‍ ഡല്‍ ജാ­യേ.. ഹാ­യ് തേ­രി യാ­ദ് ന ജാ­യേ എ­ന്നു പ­രി­ത­പ്പി­ക്കില്ലാ­യി­രുന്നു, ത­ന്റെ ഭ്രാ­ന്തന്‍ പ്ര­ക­ടന­ങ്ങ­ളോ­ടെ ഷ­മ്മി­ക­പൂര്‍ ചാ­ഹേ കോ­യി മു­ഝെ ജം­ഗ്ലി ക­ഹേ എ­ന്നു ഉറ­ക്കെ പാ­ടില്ലാ­യി­രുന്നു. റ­ഫി അ­താ­യി­രുന്നു, മ­നോ­ഹ­രമാ­യ ഒ­രു രാ­ഗ­ം. ആ രാ­ഗം നി­ല­ച്ചി­ട്ട് ജൂ­ലൈ 31ന് 30 വര്‍­ഷം തി­ക­യു­ക­യാണ്. മൂ­ന്നു പ­തി­റ്റാ­ണ്ടാ­യി അ­ദ്ദേ­ഹം ന­മ്മെ വി­ട്ടു പി­രി­ഞ്ഞിട്ട്. എ­ന്നാ­ലും റ­ഫി­യില്ലാതെ, അ­ദ്ദേ­ഹ­ത്തി­ന്റെ പാ­ട്ടു­ക­ളില്ലാ­തെ ഒ­രു ദിവ­സം പോലും കട­ന്നു പോ­യി­ട്ടി­ല്ലെ­ന്ന­താ­ണ് സ­ത്യം.

ലോ­ക­ത്തി­ലെ ഏ­റ്റവും മി­ക­ച്ച പ്ലേ ബാ­ക്ക് സി­ങര്‍ എ­ന്ന­തി­ലുപ­രി ഒ­രു നല്ല മ­നു­ഷ്യ­നാ­യി­രു­ന്നു റ­ഫി സാബ്. ഇതു­പോ­ലെ മ­ര്യാ­ദ­യു­ള്ള, കു­ലീ­നനാ­യ, ഒ­രി­ക്കലും പ്ര­തീ­ക്ഷി­ക്കാത്ത വൈ­ശി­ഷ്ട്യ­ങ്ങ­ളോ­ടു­കൂടി­യ ഒ­രു ക­ലാ­കാര­നെ ക­ണ്ടെ­ത്താന്‍ പ്ര­യാ­സ­മാ­ണെ­ന്ന് ല­താ­മ­ങ്കേ­ഷ്­ക്കര്‍ പ­റ­യുന്നു. ഇ­രുവരും ചേര്‍­ന്ന് അ­ന­ശ്വ­ര­ങ്ങളാ­യ നി­രവധി യു­ഗ്മ­ഗാ­ന­ങ്ങ­ളാ­ണ് സം­ഗീ­ത­ലോ­ക­ത്തി­ന് നല്‍­കി­യത്.

യ­ഥാര്‍­ഥ സാധ­ന­യോടും ആ­ത്മ­സ­മര്‍­പ്പ­ണ­ത്തോടും കൂ­ടി­യാ­ണ് റ­ഫി ഗാ­ന­ങ്ങള്‍­ക്ക് ജീ­വന്‍ നല്‍­കി­യ­ത്. ശു­ദ്ധ­സം­ഗീത­ത്തെ ആ­ത്മാ­വില്‍ ആ­വാ­ഹി­ച്ച ഒ­രു ഭ­ക്ത­നെ­പ്പോലെ എല്ലാ ദി­വ­സവും രാ­വി­ലെ അ­ദ്ദേ­ഹം റി­യാ­സ് ( സാ­ധ­കം) ചെ­യ്യു­മാ­യി­രുന്നു. ഒ­രോ റെ­ക്കോര്‍­ഡി­ങി­നും­ മു­മ്പ് അ­ദ്ദേ­ഹം ത­ന്റെ ഗാ­ന­ങ്ങള്‍ ചി­ട്ട­യോ­ടെ പ­രി­ശീ­ലി­ക്കു­മാ­യി­രുന്നു. അ­ങ്ങി­നെ­യാ­ണ് റ­ഫി റ­ഫി­സാബാ­യ­ത്. 1950ക­ളി­ലും 60ക­ളി­ലും അ­ദ്ദേ­ഹം ത­ന്റെ ക­രി­യ­റി­ന്റെ എ­റ്റവും ഉ­യര്‍­ച്ച­യി­ലെത്തി.

വള­രെ സ്‌­നേ­ഹ­മു­ള്ള സ­ഹ­പ്ര­വര്‍­ത്ത­ക­നാ­യി­രു­ന്നു റ­ഫി­യെ­ന്ന് ല­ത ഓര്‍­ക്കുന്നു. ആ­ശ­, മ­ന്നാഡേ, കി­ഷോര്‍, ലത തുട­ങ്ങി എല്ലാ­വ­രു­ടെയും ശ­ബ്ദ­ത്തെ­ക്കാളും മി­ക­ച്ച­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ര­മാ­ധു­രി. ഗാ­ന­ങ്ങ­ളു­ടെ വ­രി­ക­ളു­ടെ കാ­ര്യ­ത്തില്‍ അ­ദ്ദേ­ഹം വള­രെ ക­ണി­ശ്ശ സ്വ­ഭാ­വ­മു­ള്ള­യാ­ളാ­യി­രു­ന്നു. സ­ഭ്യ­മല്ലാത്ത ­ഗാ­ന­ങ്ങള്‍ പാ­ടാന്‍ അ­ദ്ദേ­ഹം എല്ലാ­കാ­ലത്തും വി­സ്സ­മ്മ­തി­ച്ചി­രുന്നു.

റ­ഫി­യെ തീ­രെ ഉ­പ­യോ­ഗി­ക്കാ­തി­രു­ന്ന സം­ഗീ­ത­സം­വി­ധാ­യ­ക­നാ­ണ് സ­ലീല്‍ ചൗ­ധരി. ഒ­രി­ക്കല്‍ അ­ദ്ദേ­ഹ­ത്തി­നു­വേ­ണ്ടി ഒ­രു ഗാ­നം ത­യ്യാ­റാ­ക്കി. മാ­യ എ­ന്ന ചി­ത്ര­ത്തി­ലെ ത­സ്‌വീര്‍ തേ­രി ദില്‍ മേ.. എ­ന്ന ഗാ­ന­മാ­യി­രു­ന്നു അത്. അ­തിന്റെ അ­ന്ത­രയായ ഫി­രൂം തു­ജെ സം­ഘ് ലേ­ക്കേ…എ­ന്ന ഭാഗം ശ­രിക്കും പാ­ടാന്‍ റ­ഫി­ക്കാ­യില്ല. സ­ലീല്‍ ചൗധ­രി ത­ന്റെ ദേഷ്യം പ്ര­ക­ടി­പ്പി­ക്കാന്‍ തു­ട­ങ്ങി­യെ­ങ്കി­ലും റ­ഫി ശാ­ന്ത­നാ­യി­രു­ന്നു. എ­ങ്ങി­നെ പാ­ട­ണ­മെ­ന്ന് വി­ശ­ദീ­ക­രി­ച്ചു ത­രാന്‍ പ­റ­യു­ക­യാ­യി­രുന്നു റ­ഫി. പി­ന്നീ­ട് റെ­ക്കോര്‍­ഡി­ങ് പൂര്‍­ത്തി­യാ­ക്കി­യ­പ്പോള്‍ മ­നോ­ഹ­രമാ­യ ഗാ­ന­മാ­യി­ മാ­റി­യി­രുന്നു അത്.

40ക­ളു­ടെ അ­വ­സാ­ന­ത്തോ­ടെ­യാ­ണ് റ­ഫി എല്ലാ വീ­ടു­ക­ളിലും നിറ­ഞ്ഞു നില്‍­ക്കാന്‍ തു­ട­ങ്ങി­യത്. ‘ദു­ലാ­രി­’ യി­ലെ സു­ഹാ­നി രാ­ത്ത് ഡല്‍ ചു­ക്കി…പാ­ടി­യാണ് റ­ഫി­ ന­മ്മു­ടെ­യാ­ക്കെ മ­ന­സ്സില്‍ ചി­ര­പ്ര­തി­ഷ്ഠ നേ­ടി­യത്. അ­തി­നു­മു­മ്പ് കോ­റ­സി­ലാ­യി­രു­ന്നു റ­ഫി­യു­ടെ സ്ഥാനം.

നാ­ലു­പ­തി­റ്റാ­ണ്ട് നീണ്ട ആ സം­ഗീ­ത­സപ­ര്യ­യില്‍ ഏ­ക­ദേ­ശം 25000ല്‍­മേലെ ഗാ­ന­ങ്ങ­ളാ­ണ് അ­ദ്ദേ­ഹം പാ­ടി­യത്. അ­വ­യെല്ലാം അ­ദ്ദേ­ഹ­ത്തി­ന് പ­ദ്­മ­ശ്രീയും അ­ഞ്ച് ദേശി­യ അ­വാര്‍­ഡു­ക­ളും 6 ഫിലിം ഫെ­യര്‍ അ­വാര്‍‍‍ഡു­ക­ളും നേ­ടി­ക്കൊ­ടു­ത്ത­ു. ഹി­ന്ദി, കൊ­ങ്കിണി, ഉ­റു­ദു, ഭോ­ജ്­പുരി, പ­ഞ്ചാബി, ബം­ഗാളി, മ­റാത്തി, സിന്ധി, കന്ന­ഡ, ഗു­ജ­റാത്തി, തെ­ലു­ങ്ക് എ­ന്നീ ഭാ­ഷ­ക­ളെ­ക്കൂ­ടാ­തെ ഇം­ഗീ­ഷ്, പേര്‍­ഷ്യന്‍ ഗാ­ന­ങ്ങളും റ­ഫി സാ­ബ് പാ­ടി­യി­ട്ടു­ണ്ട്. എ­റ്റവും കൂ­ടു­തല്‍ ഗാ­ന­ങ്ങള്‍ പാ­ടി­യത് ല­ത­യാ­ണ് എ­ന്ന ഗിന്ന­സ് റെ­ക്കോര്‍­ഡില്‍ റ­ഫി അ­സ്വ­സ്ഥ­നാ­യി­രു­ന്നു­. ര­ണ്ടുത­വ­ണ ഗിന്ന­സ് റെ­ക്കോര്‍­ഡ് അ­ധി­കൃ­തര്‍­ക്ക് ക­ത്തെ­ഴു­തി­യെ­ങ്കിലും ഫ­ല­മു­ണ്ടാ­യില്ല. പി­ന്നീ­ട് അ­ദ്ദേ­ഹം അത് മ­റ­ക്കു­ക­യാ­യി­രുന്നു.

­ക­ലാ­കാ­രന്‍­മാ­രെ പ­ര­സ്പ­രം ബ­ഹു­മാ­നി­ച്ചി­രു­ന്ന ഒ­രു കാ­ല­ത്തി­ന്റെ പ്ര­തി­നി­ധി­ക­ളാ­യി­രു­ന്നു ല­തയും റ­ഫിയും മ­ന്ന­ദായും കി­ഷോര്‍­ദാ­യും. ആ­രാ­ധ­ന­യി­ലെ രൂ­പ് തേ­ര മ­സ്താ­ന എ­ന്ന ഗാ­ന­ത്തോടെ കി­ഷോര്‍­കു­മാര്‍ റ­ഫി­യെ­ക്കാള്‍ പ്ര­ശസ്ത­നാ­യ­പ്പോ­ഴും താന്‍ റ­ഫി­യെ­ക്കാള്‍ മി­ക­ച്ച ഗാ­യ­ക­നാ­ണെ­ന്ന വി­ചാ­രം ഒ­രി­ക്കല്‍ പോലും കി­ഷോ­ര്‍ ദാ­യ്ക്കും ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്ന് ല­ത സാ­ക്ഷ്യ­പ്പെ­ടു­ത്തുന്നു.

അ­ന്ന­ത്തെ എല്ലാ മി­ക­ച്ച ന­ടന്‍­മാര്‍ക്കും വേ­ണ്ടി മു­ഹ്മദ് റാ­ഫി പാടി. ദി­ലീ­പ് കു­മാര്‍, ദേ­വ് ആ­നന്ദ് ഗു­രു­ദത്ത്, മ­നോ­ജ് കു­മാര്‍ സ­ഞ്­ജീ­വ് കു­മാര്‍, രാ­ജേ­ഷ് ഖ­ന്ന എ­ന്നി­വ­രൊ­ക്കെ സ്­ക്രീ­നില്‍ റ­ഫി­യോ­ടൊ­പ്പം ചി­രജ്ജീ­വി­ക­ളാ­യി. ഭ­ജ­നു­കളും ഖ­വ്വാ­ലിയും അ­ദ്ദേ­ഹ­ത്തി­ന് വ­ഴങ്ങി. റോ­ക്ക് ആന്റ് റോള്‍, ക്ലാ­സി­ക്കല്‍ എല്ലാം റ­ഫി­യു­ടെ കൈ­പി­ടി­യി­ലാ­യി­രു­ന്നു. റ­ഫി­യുടെ ഗാ­ന­ങ്ങള്‍ മാ­ത്ര­മല്ല അ­ദ്ദേ­ഹ­ത്തി­ന്റെ ലാ­ളി­ത്യവും ആ­ത്മ­ാര്‍­ത്ഥ­തയും അ­ദ്ദേ­ഹ­ത്ത എല്ലാ­വ­രു­ടെയും പ്രി­യ­പ്പെ­ട്ട­നാ­ക്കി മാ­റ്റു­ക­യാ­യി­രു­ന്നു­വെ­ന്ന് സം­ഗീ­ത­സം­വി­ധാ­യ­കന്‍ രാ­ജേ­ഷ് റോ­ഷന്‍ പ­റ­യു­ന്നു. അഭി­മു­ഖ­ങ്ങള്‍ നല്‍­കാന്‍ റ­ഫി­ക്ക് നാ­ണ­മാ­യി­രുന്നു. ഗീ­ത്മാ­ല എ­ന്ന റേഡിയോ പ­രി­പാ­ടി­യില്‍ പാ­ട്ടി­ലൂ­ടെ ഉ­ത്ത­ര­ങ്ങള്‍ നല്‍കാം എ­ന്നു പ­റ­ഞ്ഞ റ­ഫി പ­ക്ഷെ ആ ­അ­ഭി­മു­ഖ­ത്തി­നു­ണ്ടാ­യി­ല്ലെ­ന്ന് റേ­ഡിയോ പ്ര­വര്‍­ത്ത­കന്‍ അ­മീന്‍ സ­യാ­നി ഓര്‍­ക്കുന്നു. അ­തി­നു­മു­മ്പേ അ­ദ്ദേ­ഹം ന­മ്മെ വി­ട്ടു പി­രി­യു­ക­യാ­യ­ി­രു­ന്നു. ഹൃ­ദ­യാ­ഘ­ാത­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വ­നെ­ടു­ത്തത്.

യെ ദു­നി­യാ യെ മെ­ഹ്­ഫില്‍ മേ­രേ കാം കെ ന­ഹി എ­ന്നു പാ­ടി റ­ഫി സാബ് പി­രി­ഞ്ഞ­പ്പോള്‍ അ­ദ്ദേ­ഹ­ത്തി­ന്റെ സ്ഥാ­നം പി­ന്നെ ആ­രാലും നി­റ­യ്­ക്കാന്‍ ക­ഴി­ഞ്ഞി­ല്ലെ­ന്ന­താ­ണ് സ­ത്യം.

ഒ­രി­ക്കല്‍ ആ­കാ­ശ­വാണി കോ­ഴി­ക്കോ­ട് നി­ല­യ­ത്തി­ന് നല്‍കി­യ അ­ഭി­മു­ഖ­ത്തി­ല്‍ ഗി­രീ­ഷ് പു­ത്തന്‍­ഞ്ചേ­രി­യോ­ട് ചോ­ദി­ച്ചു ഒ­രി­ക്കലും മ­റ­ക്കാ­നാ­വാ­ത്ത അ­നുഭ­വം എ­ന്താ­യി­രു­ന്നു. മ­ല­യാ­ള­ത്തില്‍ അ­റി­യ­പ്പെ­ടു­ന്ന ഗാ­ന­ര­ചി­യി­താ­വാ­യ­തി­നു­ ശേ­ഷം പു­ത്തന്‍­ഞ്ചേരി ബോം­ബെ­യി­ലെ ഒ­രു സം­ഗീ­ത­ സ്റ്റ്യു­ഡി­യേ­ായില്‍ പോ­യ­പ്പോള്‍ ഒ­രു മൈ­ക്രോ­ഫോണ്‍ കെ­ട്ടി മൂ­ടി­യി­ട്ടി­രി­ക്കുന്ന­തു കണ്ടു. എ­ന്താ­ണെ­ന്ന് ചോ­ദി­ച്ച­പ്പോള്‍ അ­ധി­കൃ­തര്‍ പറ­ഞ്ഞു ആ മൈ­ക്കി­ലാ­ണ് മു­ഹമ­ദ് റ­ഫി ‘ബഹാരോ ഫൂല്‍ ബ­ര്‍­ സാവോ മേ­രാ മെ­ഹ്­ബൂ­ബ് ആ­യാ­ഹെ..’ എ­ന്ന അ­ന­ശ്വര ഗാനം പാ­ടി­യ­തെ­ന്ന്. എ­ന്നാല്‍ താനും അ­തി­ലൊന്നു പാ­ട­ട്ടെ എ­ന്നു ചോ­ദി­ച്ച­പ്പോള്‍ അ­വര്‍ സ­മ്മ­തിച്ചു. പ­ക്ഷെ സങ്ക­ടം കൊണ്ട് ത­നി­ക്ക് പാ­ടന്‍ ക­ഴി­ഞ്ഞില്ല. മ­ഹാനാ­യ ഗാ­യ­ക­ന്‍ പാടിയ മൈ­ക്രോ­ഫോ­ണില്‍ പാ­ടു­ന്നു എ­ന്ന ചി­ന്ത ത­ന്നെ ത­ന്നെ ഗ­ദ്­ഗ­ധ­ക­ണ്ഠ­നാക്കി, ആ ഗാ­നം ത­ന്‍റെ തൊ­ണ്ട­യില്‍ത­ന്നെ കു­രുങ്ങി- മരിക്കുന്നതിന് നാല് മാസം മുന്പ് ഗിരീഷ് പുത്തഞ്ചേരി നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Advertisement