തിരുവനന്തപുരം:മെഡിക്കല്‍ പി.ജി പ്രവേശനം സുതാര്യമല്ലെന്ന് മുഹമ്മദ് കമ്മിറ്റി കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് ഫെഡറേഷനുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. രണ്ടുദിവസത്തിനകം മറുപടി നോട്ടീസ് നല്‍കണമെന്നും ഇന്നുചേര്‍ന്ന മുഹമ്മദ് കമ്മിറ്റിയില്‍ തീരുമാനമെടുത്തിട്ടുണ്ട്.

നാലു മെഡിക്കല്‍ കോളേജുകളുടെ അപേക്ഷയാണ് ഇന്ന് പരിഗണിച്ചിരുന്നത്. മെയ് 30 ന് അവസാനിക്കേണ്ടിയിരുന്ന മെഡിക്കല്‍ പ്രവേശനത്തിനുള്ള അപേക്ഷാകാലാവധി ജൂണ്‍ 30 ലേക്ക് മാറ്റിയത് കമ്മിറ്റി അറിഞ്ഞിട്ടില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.

വാര്‍ഷികഫീസായി 2,54,000 രൂപ ഈടാക്കാമെന്ന് കമ്മിറ്റി നേരത്തെ ഉത്തരവിട്ടിരുന്നു. കേരളഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധികള്‍ മാനിക്കാതെയുള്ള കമ്മിറ്റിയുടെ പുതിയ ഫീസ് ഘടന കോടതി സ്‌റ്റേ ചെയ്തിരുന്നു.

നേരത്തെ സ്വന്തംനിലയില്‍ പ്രവേശനംനടത്താന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കംനടത്തുന്നതെന്നും മാനേജ്‌മെന്റുകള്‍ അറിയിച്ചിരുന്നു.