ന്യൂദല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി ബി.ജെ.പിയുടെ മുന്‍നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ.

14 ാം നൂറ്റാണ്ടില്‍ ദല്‍ഹി സുല്‍ത്താനായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്ക് 700 വര്‍ഷം മുന്‍പ് നോട്ട് നിരോധനം നടപ്പാക്കിയിരുന്നുവെന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശം. സേവ് ഡെമോക്രസി മൂവ്‌മെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി ഭരണാധികാരികള്‍ സ്വന്തം മുഖം അച്ചടിച്ച് കറന്‍സികള്‍ ഇറക്കുന്നുണ്ട്. പുതിയ നോട്ടുകള്‍ അച്ചടിക്കുമ്പോള്‍ ഇവര്‍ പഴയവ നിലനിര്‍ത്തുകയും ചെയ്യും. എന്നാല്‍ 700 വര്‍ഷം മുന്‍പ് മുഹമ്മദ് ബിന്‍ തുഗ്ലക്ക് പഴയ കറന്‍സികള്‍ നിര്‍ത്തലാക്കിക്കൊണ്ട് അദ്ദേഹത്തിന്റേതായ കറന്‍സി പുറത്തിറക്കി. അതുകൊണ്ട് തന്നെ നോട്ട് നിരോധനം 700 വര്‍ഷം മുന്‍പ് നടപ്പാക്കിയ ഒരു പദ്ധതിയാണെന്ന് പറയാം.


Dont Miss തോമസ് ചാണ്ടി രാജിവെക്കും; തീരുമാനം എന്‍.സി.പി യോഗത്തില്‍


ദല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയിലെ ദൗലത്താബാദിലേക്ക് തലസ്ഥാനത്തേക്ക് മാറ്റിക്കൊണ്ട് അദ്ദേഹം കുപ്രസിദ്ധനാവുകയും ചെയ്തു. 14 ാം നൂറ്റാണ്ടില്‍ വളരെ ചുരുങ്ങിയ കാലമാണ് തുഗ്ലക്ക് ദല്‍ഹി സുല്‍ത്താനായി ഉണ്ടായിരുന്നതെന്നും സിന്‍ഹ ഓര്‍മ്മിപ്പിക്കുന്നു.

3.75ലക്ഷം കോടിരൂപയുടെ സമ്പാദ്യത്തെ നോട്ട് നിരോധന തീരുമാനം ഒന്നുമല്ലാതാക്കിയെന്നും യശ്വന്ത് സിന്‍ഹ പറയുന്നു. രാജ്യത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മാണ്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ സാമ്പത്തികരംഗം ഉലഞ്ഞുപോകാതിരിക്കാന്‍ എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സിന്‍ഹ ആവശ്യപ്പെട്ടു.

1,28,000 കോടി രൂപയാണ് നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാനായി ചിലവഴിച്ചതെന്നാണ് അവര്‍ തന്നെ പറയുന്നത്. ഇന്ത്യയുടെ സാമ്പത്തികനില നോട്ട് നിരോധം മൂലം 1.5 ശതമാനം മന്ദഗതിയിലാണെന്ന് കേന്ദ്രം തന്നെ സമ്മതിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്ഥിതി അതിനേക്കാള്‍ ഗുരുതരമാണെന്നും സിന്‍ഹ പറയുന്നു.