എഡിറ്റര്‍
എഡിറ്റര്‍
അഴിമതിക്കേസില്‍ 15 വര്‍ഷം തടവ്: നിരപരാധിത്വം തെളിയിക്കുമെന്ന് ഗള്‍ഫാര്‍ മുഹമ്മദലി
എഡിറ്റര്‍
Monday 10th March 2014 6:15am

muhammadali

മസ്‌ക്കറ്റ് : ഒമാനിലെ എണ്ണ കമ്പനി അഴിമതി കേസില്‍ മലയാളി വ്യവസായി  ഗള്‍ഫാര്‍ ഗ്രൂപ്പ് മുന്‍ എം.ഡി മുഹമ്മദലിക്ക് 15 വര്‍ഷം തടവും 1.774 മില്യന്‍ റിയാല്‍ പിഴയും മസ്‌ക്കറ്റ് കോടതി ശിക്ഷ വിധിച്ചു.

അതേസമയം കേസില്‍ മേല്‍കോടതികളില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് മുഹമ്മദലി പറഞ്ഞു.

പി.മുഹമ്മദലിയ്‌ക്കൊപ്പം, മുന്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ജനാര്‍ദ്ധനനും അഞ്ച് കേസുകളിലായി 15 കൊല്ലം തടവ് ശിക്ഷയുണ്ട്.  ജനാര്‍ദ്ധനന്‍ 4.34 ലക്ഷം ഒമാനി റിയാല്‍ പിഴയടക്കണം.

പിഴത്തുകയടക്കം 2.4 മില്ല്യണ്‍ ഒമാനി റിയാല്‍ കെട്ടിവെച്ച മുഹമ്മദലിയ്ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഒമാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍ കമ്പനിയിലെ ഉദ്യോഗസ്ഥരായ ഖാലിദ് ഗരാദി , മുഹമ്മദ് റിഥ , നാസ്സര്‍ അലവി , സൈഫ് എന്നിവര്‍ക്കും കോടതി 3 കൊല്ലം തടവും ഒരു മില്യണ്‍ ഒമാനി റിയാല്‍ പിഴയും വിധിച്ചിട്ടുണ്ട്.

കൈക്കൂലി വാങ്ങിയതിനും അഴിമതി നടത്താനായി ഓഫീസ് ദുരുപയോഗം ചെയ്തതിനുമാണ് ഒമാന്‍ സ്വദേശികള്‍ക്ക് തടവും പിഴയും ചുമത്തിയിരിക്കുന്നത്.

2011 ല്‍ അഴിമതിക്കെതിരേ ഒമാനില്‍ ശക്തമായ പൊതുജനപ്രക്ഷോഭം അരങ്ങേറിയിരുന്നു. അതിന് പിന്നാലെ അഴിമതി വിരുദ്ധ പ്രചരണങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായിട്ടാണ് അഴിമതി കേസുകള്‍ പിടിക്കപ്പെട്ടത്.

ഒമാനില്‍ എണ്ണ വിതരണ പൈപ്പ്‌ലൈന്‍ കരാര്‍ നേടിയെടുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയ കേസുകളിലാണ് ഗള്‍ഫാര്‍ മുഹമ്മദലിയ്ക്ക് ശിക്ഷ വിധിച്ചത്.

നേരത്തെ മറ്റൊരു കേസില്‍ മുഹമ്മദലിയ്ക്ക് 3 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

ജാമ്യം നേടിയെങ്കിലും കോടതിവിധിയെത്തുടര്‍ന്ന് മുഹമ്മദലി ഗള്‍ഫാര്‍ ഗ്രൂപ്പ് എം.ഡി സ്ഥാനം ഒഴിഞ്ഞിരുന്നു.

Advertisement