എഡിറ്റര്‍
എഡിറ്റര്‍
പശുവിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന കൊലയാളി സംഘങ്ങള്‍ക്ക് ലഭിക്കുന്ന വന്‍ വരുമാനത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്ന് മുഹമ്മദ് റിയാസ്
എഡിറ്റര്‍
Sunday 2nd July 2017 10:45pm

പഴനി: പശു സംരക്ഷണത്തിനെന്ന് പറഞ്ഞ് മനുഷ്യരെ തല്ലിക്കൊല്ലുന്ന കൊലയാളി സംഘങ്ങള്‍ക്ക് ലഭിക്കുന്ന വന്‍ വരുമാനത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്.
അക്രമങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും കന്നുകാലി കടത്തിന്റെ പേരില്‍ വ്യാപക ആക്രമണം നടന്ന പഴനിയില്‍ സന്ദര്‍ശനം നടത്തിയശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണങ്ങള്‍ തെക്കേ ഇന്ത്യയിലും നടപ്പാക്കാനാണ് സംഘപരിവാറിന്റെ ശ്രമം. മനുഷ്യരെ ആക്രമിച്ചല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ഥതയില്ലാത്തതാണ്. അക്രമികളെ കുറ്റവാളികളായി കാണാനോ അക്രമം തടയാനോ പ്രധാനമന്ത്രിക്ക് താല്‍പ്പര്യമില്ലെന്നും റിയാസ് പറഞ്ഞു.


Also Read: നല്ല വ്യവസായം കൊണ്ടു വരാന്‍ തുറന്ന ചര്‍ച്ച നടത്തിയതെങ്ങനെ കുറ്റമാകും; സരിത എസ്.നായര്‍ എന്തുകുറ്റമാണ് ചെയ്തതെന്ന് ജി.സുധാകരന്‍


പഴനി പുതുധാരാപുരം റോഡില്‍ കന്നുകാലികളുമായി പോവുകയായിരുന്ന മിനി വാനിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി. നിയമവിരുദ്ധമായി കാലികളെ കൊണ്ടുപോവുകയാണെന്ന് ആരോപിച്ച് പൊലീസിനെ നിര്‍ബന്ധിച്ച് കേസെടുപ്പിക്കാനും സമ്മര്‍ദംചെലുത്തി. വിവരമറിഞ്ഞെത്തിയ സിപിഐ എം, വിടതലൈ ചിരുതൈകള്‍ പാര്‍ടി എന്നിവയിലെ പ്രവര്‍ത്തകര്‍ ഗോരക്ഷകരുടെ അക്രമ അജന്‍ഡ പൊളിച്ചു. ഇതിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിക്കുകയും പളനി നഗരത്തില്‍ അക്രമത്തിന് ശ്രമിക്കുകയും ചെയ്തു.

തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തികത്തകര്‍ച്ച തുടങ്ങിയ പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനും അജന്‍ഡയാകെ മാറ്റാനുമാണ് പശുവിന്റെ പേരില്‍ വ്യാപക ആക്രമണങ്ങള്‍ സാധാരണ മനുഷ്യര്‍ക്കു നേരേ നടക്കുന്നത്. ഇതിനായി കള്ളപ്പണം വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നു. കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളപ്പണവും കള്ളനോട്ട് അച്ചടിക്കാനുള്ള സംവിധാനങ്ങളും പിടികൂടിയതും സേലത്ത് യുവമോര്‍ച്ചാ ജില്ലാ നേതാവില്‍ നിന്ന് കള്ളപ്പണം പിടികൂടിയതും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശുസംരക്ഷക സംഘങ്ങള്‍ക്ക് വന്‍തോതില്‍ ധനസഹായം ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ വഴിയും മറ്റ് ഏജന്‍സികള്‍ വഴിയും സഹായം ലഭിക്കുന്നു. പശുസംരക്ഷണ അക്രമം താകണം ക്ഷീരവികസന മേഖലയ്ക്കുണ്ടായ തകര്‍ച്ച മൂലം ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പാല്‍പ്പൊടി ഇറക്കുമതി ചെയ്യുകയാണ്. വിദേശക്കുത്തകകളുടെ താല്‍പ്പര്യങ്ങളും ഇതുവഴി സംരക്ഷിക്കപ്പെടുന്നു.


Don’t Miss: ‘കൂട്ടത്തിലൊരാള്‍ക്ക് ആപത്ത് പറ്റിയിട്ട് നേരിട്ട് ഒന്ന് വിളിക്കാനോ ആശ്വസിപ്പിക്കനോ പോലും ഇമേജ് നോക്കുന്ന നടന്മാരാണ് തലപ്പത്ത്; അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് ബാബുരാജ്


കള്ളപ്പണമുപയോഗിച്ചാണ് പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ നടത്തി യഥാര്‍ഥ ചര്‍ച്ചകളെ വഴിതെറ്റിക്കുന്നത്. ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികളുണ്ടാകണം. ഇതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണം- റിയാസ് ആവശ്യപ്പെട്ടു. പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പഴനിയില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വന്‍ യുവജന പ്രകടനം നടന്നു. മുഹമ്മദ് റിയാസ് അടക്കമുള്ള ഡിവൈഎഫ്‌ഐ നേതാക്കള്‍ നേതൃത്വം നല്‍കി.

Advertisement