കെയ്‌റോ: ഈജിപ്തിലെ പൊതുമേഖലയിലെ തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും 15% വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പ്രതിഷേധ പ്രകടനങ്ങളില്‍ നിന്നും തങ്ങളെ പിന്‍തിരിപ്പിക്കാന്‍ ഈ ശ്രമങ്ങള്‍ക്കൊന്നുമാവില്ലെന്ന നിലപാടിലാണ് ഈജിപ്ഷ്യന്‍ ജനത.

കലാപത്തെ തുടര്‍ന്ന് അടഞ്ഞുകിടക്കുകയായിരുന്ന ബേങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചു. എന്നാല്‍ ഫെബ്രുവരി 13 വരെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അടഞ്ഞുതന്നെ കിടക്കും.

അതേ സമയം ഈജിപ്തിലെ ജനരോഷം പതിനാലാം ദിവത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധപ്രകടങ്ങള്‍ക്ക് ഒട്ടും ശമനം വന്നിട്ടില്ല. ഇന്നലെ പതിനായിരിക്കണക്കിന് ആളുകളാണ് കെയ്‌റോയിലെ താഹിര്‍ മൈതാനത്തില്‍ സമ്മേളിച്ചത്. പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ രാജിയല്ലാതെ മറ്റൊന്നിനും തങ്ങളെ പിന്‍തിരിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകാരികള്‍.

ഈജിപ്തില്‍ സമാധാനം നിലനിര്‍ത്താനായി പ്രതിപക്ഷമായ മുസ് ലീം ബ്രദര്‍ഹുഡ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് 15% ശമ്പള വര്‍ദ്ധനവ് വാഗ്ദാനം ചെയ്തത്.