കെയ്‌റോ: ഈജിപ്തില്‍ തുടരുന്ന കലാപം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചനടത്തുമെന്ന് പ്രധാന പ്രതിപക്ഷം മുസ്‌ലീം ബ്രദര്‍ഹുഡ്. ചര്‍ച്ച ഞായറാഴ്ച തന്നെ ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ എത്രത്തോളം തയ്യാറാവുമെന്ന് ചര്‍ച്ചയില്‍ ആരായും. നിയമപരമായി നിരോധിച്ച ബ്രദര്‍ഹുഡും സര്‍ക്കാരും തമ്മില്‍ ആദ്യമായാണ് ഇത്തരമൊരു ചര്‍ച്ച നടക്കുന്നത്.

സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാറാവില്ലെന്ന് മുസ്‌ലീം ബ്രദര്‍ഹുഡ് നേരത്തെ വ്യക്തമാക്കയിരുന്നു. എന്നാല്‍ ജനങ്ങളുടെ ആവശ്യത്തിന്റെ പ്രാധാന്യം അറിയിക്കാനും അതിനോട് പ്രതികരിക്കാനുമുള്ള സര്‍ക്കാര്‍ താലപര്യം എത്രയുണ്ടെന്ന് മനസ്സിലാക്കാനുമാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നതെന്ന് ബ്രദര്‍ഹുഡ് വക്താവ് അറിയിച്ചു.

ഈജിപ്തിലെ ഏറ്റവും സ്വാധീനമുള്ള പ്രതിപക്ഷമാണ് ബ്രദര്‍ഹുഡ്. എന്നാല്‍ ഈ സംഘടന ഔദ്യോഗികമായി നിരോധിച്ചതാണ്. താന്‍ രാജിവച്ചാല്‍ ഈജിപ്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ബ്രദര്‍ഹുഡ് ചൂഷണം ചെയ്യും എന്ന ആരോപണമാണ് മുബാറക്ക് ഉന്നയിക്കുന്നത്. ഈ ആരോപണങ്ങളെ ബ്രദര്‍ഹുഡ് നിഷേധിച്ചിട്ടുണ്ട്.

ഉടന്‍ സ്ഥാനമൊഴിയണമെന്ന ജനങ്ങളുടെ ആവശ്യത്തെ പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് നിഷേധിച്ചിട്ടുണ്ട്. മുബാറക്കിന്റെ രാജി ആവശ്യപ്പെട്ട് കാരിയോയിലും മറ്റു സിറ്റികളിലും കുറച്ചുദിവസങ്ങളായി പ്രതിഷേധ റാലികള്‍ ശക്തമാകുകയാണ്.