mubarak begum malayalam article
സുബൈദ സി.കെ

സംഗീതത്തിന്റെ ലോകം മാസ്മരികമാണ്. സ്വരമാധുരികൊണ്ട് ലോകത്തെ കയ്യിലെടുത്തവരുണ്ടതില്‍, ഉയര്‍ച്ചയുടെ പര്‍വ്വത ശിഖരങ്ങളിലുള്ളവരും താഴ്ചയുടെ അഗാധ ഗര്‍ത്തങ്ങളില്‍ കഴിയുന്നവരുമുണ്ടതില്‍. ആസ്വാദനം നൈമിഷികമാണ്. അതുപോലെ തന്നെയാണ് അവരുടെ ജീവിതവും. ശ്രുതിലയങ്ങളുടെ വര്‍ണ്ണശബളമായ ലോകത്ത് നിന്നും കമ്പി പൊട്ടിയ വീണയെപ്പോലെ സ്വരം നിലച്ചു പോയ ജീവിതങ്ങള്‍…

1960 കളില്‍ സംഗീത ഇതിഹാസം എന്നു വിശേഷിപ്പിക്കുന്ന ഗായിക മുബാറക് ബീഗം ഇന്ന് യാതനകള്‍ക്കു നടുവിലാണ്. ഇതിഹാസമായി മാറിയെങ്കിലും ബീഗം സമ്പാദിച്ചത് മുംബൈ യോഗേശ്വരി തെരുവിലെ രണ്ടുമുറി വീടാണ്. മന് ഡോലേ മേരാ തന് ഡോലേ, കഭി തന്‍ഹായിയോംമേം ഹമാരി യാദ് ആയേഗി തുടങ്ങി നിരവധി മനോഹരഗാനങ്ങളാലപിച്ച ഈ വാനമ്പാടി, സര്‍ക്കാരില്‍നിന്നു കിട്ടുന്ന 1500 രൂപ പെന്‍ഷന്‍കൊണ്ടാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്. തുച്ഛമായ ഈ സംഖ്യ കൊണ്ട് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച മകനും ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം കഴിയണം.

ആ കുടുംബത്തിലെ എക വരുമാനമാര്‍ഗം ബീഗമായിരുന്നു

ജയദേവ്, മദന്‍ മോഹന്‍, ആര്‍.ഡി.ബര്‍മന്‍, നൗഷാദ്, ശങ്കര്‍ ജയ്കിഷന്‍, കല്യാണ്‍ജിആനന്ദ്ജി തുടങ്ങിയ സംഗീത ചക്രവര്‍ത്തിമാര്‍ക്ക് വേണ്ടി ഹിറ്റ് ഗാനങ്ങള്‍ പാടിയെങ്കിലും സാമ്പത്തികമായി അവര്‍ക്കു നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇവിടെ രാഷ്ട്രീയമുണ്ട്; ആരും തന്നെ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അവശതയിലും മുബാറക്ക് ബീഗം പറയുന്നു. അവര്‍ പാടിയ പല ഗാനങ്ങളും, സിനിമ പ്രദശനത്തിനെത്തുമ്പോള്‍ ഉണ്ടായിരുന്നില്ല. തന്നോടു പറയാതെയും അനുവാദം ചോദിക്കാതെയുമാണ് തന്റെ ഗാനങ്ങള്‍ ഒഴിവാക്കിയിരുന്നതെന്നും അവര്‍ പറയുന്നു.

ഗാനരചയിതാവ് രവി തന്റെ അനുവാദമില്ലാതെ താന്‍ ആലപിച്ച ഗാനങ്ങള്‍ ഒഴിവാക്കിയെന്ന് ആര്‍സൂ ചിത്രത്തിന്റെ വിജയാഘോഷത്തിനിടയില്‍ താരങ്ങളായ പൃഥ്വിരാജിനോടും നാനാ പല്‍സികാറിനോടും ബീഗം സൂചിപ്പിച്ചിരുന്നു. നിങ്ങള്‍ ആലപിച്ച ഗാനംമാത്രമേ ഒഴിവാക്കാനാകൂ നിങ്ങളുടെ വിധി നിര്‍ണ്ണയിക്കാനാവില്ല എന്നായിരുന്നു താരങ്ങള്‍ നല്‍കിയ മറുപടി. ഇതുപോലെ ‘പാഞ്ച് കൈദി’ എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനും ഗായകനുമായ ബപ്പി ലഹിരിയോട് ചിത്രത്തില്‍നിന്ന് തന്റെ ഗാനം ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നിര്‍മ്മാതാവിനെ പഴി ചാരുകയായിരുന്നു.

രണ്ടാമത്തെ മകനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചുപോയി. പഞ്ചാബിക്കാരനായ ബിസിനസുകാരനായിരുന്നു അദ്ദേഹം. ഞങ്ങളുടെ വിവാഹം കഴിഞ്ഞതിനുശേഷം ‘ബിറാ കി രാത്’ എന്നൊരു ചിത്രം അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. അയാളുടെ പേരുകേള്‍ക്കുന്നതുപോലും എനിക്കിഷ്ടമല്ല. എനിക്കോ എന്റെ മക്കള്‍ക്കോ വേണ്ടി അയാളൊന്നും ചെയ്തിട്ടില്ല- ബീഗം പറയുന്നു. പിന്നീട് അവര്‍ സ്വന്തം വീട്ടിലേക്കു വന്നു. അഞ്ചുസഹോദരന്മാരും സഹോദരികളുമടങ്ങുന്ന കുടുംബത്തെ പാടിക്കിട്ടുന്ന സമ്പാദ്യംകൊണ്ട് അവര്‍ സംരക്ഷിച്ചു. ആ കുടുംബത്തിലെ എക വരുമാനമാര്‍ഗം ബീഗമായിരുന്നു. എങ്കിലും അവര്‍ സഹോദരങ്ങളുടെ വിദ്യാഭ്യാസവും വിവാഹവും ഭംഗിയായി നടത്തി.

പിതാവിന്റെ മരണത്തോടുകൂടി കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. വീട് ബീഗത്തിന്റെ പേരിലെഴുതിവെച്ചത് സഹോദരങ്ങള്‍ തമ്മില്‍ 12 വര്‍ഷം നീണ്ട നിയമയുദ്ധത്തിനു കാരണമായി. വീട്ടിലെ സാഹചര്യങ്ങള്‍ ബാധിച്ചത് ഇളയമകള്‍ ശഫാഖിനെയാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് അടിമയാണ് ശഫാഖ്. പ്രശ്‌നം കൂടുതല്‍ വഷളായപ്പോള്‍ വീടുവിറ്റ് എല്ലാവര്‍ക്കും വീതംവെച്ചു. തെരുവിലേക്കിറങ്ങിയ അവര്‍ക്ക് സുനില്‍ ദത്തിന്റെ സഹായത്താലാണ് രണ്ടുമുറിയുള്ള ഒരു വീട് തരപ്പെട്ടത്. അവിടെയുംതീര്‍ന്നില്ല, ആ വീടിന്റെ ഉടമാവകാശം ലഭിക്കാന്‍ 2 ലക്ഷം രൂപ കെട്ടിവെക്കേണ്ടിവന്നു. ഇതിനവരെ സഹായിച്ചത് ജാവേദ് അക്തറായിരുന്നു. പിന്നീട് ലഭിച്ചുവന്ന 500 രൂപയുടെ പെന്‍ഷന്‍ ഈയിടെയാണ് 1500 ലേക്ക് മാറിയത്.

രാജസ്ഥാനിലെ ഒരു സാധാരണകുടുംബത്തിലാണ് ബീഗം ജനിച്ചത്. ചെറുപ്പത്തില്‍ സിനിമയോടു പ്രിയമില്ലായിരുന്നെങ്കിലും പിന്നീട് നൂര്‍ജഹാന്റെയും സുരയ്യയുടെയും ഗാനങ്ങള്‍ അവര്‍ മൂളിത്തുടങ്ങി. സംഗീതത്തോടുള്ള മകളുടെ താല്‍പര്യം മനസ്സിലാക്കിയ ബീഗത്തിന്റെ പിതാവ് അവരെ സംഗീതം പഠിക്കാനായി ബറോഡയിലേക്കയച്ചു. സിനിമയില്‍പാടാന്‍ താല്‍പര്യമില്ലെങ്കിലും പിതാവിന്റെ ഇഷ്ടത്തിനൊത്ത് അവസരങ്ങള്‍ക്കായി അവര്‍ സ്റ്റുഡിയോകള്‍തോറും കയറിയിറങ്ങി. ഓള്‍ ഇന്ത്യ റേഡിയോയുടെ ഓഡിഷന്‍ പാസായ അവര്‍ റേഡിയോയിലൂടെ ഗസല്‍ ആലാപനം തുടങ്ങി. ഇതിനായവര്‍ക്ക് 50 രൂപ പ്രതിഫലം കിട്ടി.

താനിത്രയുംകാലം ജീവിച്ചത് സ്വന്തം വരുമാനംകൊണ്ടാണ്, ഇനിയും അങ്ങനെത്തന്നെ- യായിരിക്കണം

തുടര്‍ന്ന് അവര്‍ ലതാമങ്കേഷ്‌കറോടൊപ്പം യുഗ്മഗാനം ആലപിച്ചു. ഷൗക്കത്ത് ധെല്‍വിയുടെ സംഗീതസംവിധാനത്തിലാണ് അവര്‍ ആദ്യമായി സോളോ പാടുന്നത്. ഈ ഗാനത്തിനുശേഷം അവരെത്തേടി അവസരങ്ങള്‍ ധാരാളമെത്തി. ചെറുകിടസിനിമകള്‍ക്ക് 150 രൂപ തോതിലും വന്‍കിടസിനിമകള്‍ക്ക് 300-400 രൂപ തോതിലും അവര്‍ക്ക് പ്രതിഫലം ലഭിച്ചു.

അവസരങ്ങള്‍ കുറഞ്ഞതോടെ കലാ മഹോത്സവ് പോലുള്ള സ്‌റ്റേജ് പരിപാടികളില്‍ 1000 രൂപയ്ക്ക് ബീഗത്തിന് പാടേണ്ടിവന്നു. കിട്ടുന്നതില്‍ 75 ശതമാനം ഇടനിലക്കാരന്‍ കൊണ്ടുപോകുമെന്നും അവര്‍ പറയുന്നു. 1000 ത്തിലധികം ഹിറ്റുഗാനങ്ങള്‍പാടിയിട്ടുണ്ടെങ്കിലും തനിക്കിതുവരെ റോയല്‍റ്റി കിട്ടിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു.പലരുമായും സഹായാഭ്യര്‍ത്ഥന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബീഗത്തിന്റെ മകന്‍ സമ്പാദിക്കുന്നുണ്ടങ്കിലും സഹായാഭ്യര്‍ത്ഥന നടത്താന്‍ അവര്‍ തയ്യാറല്ല. താനിത്രയുംകാലം ജീവിച്ചത് സ്വന്തം വരുമാനംകൊണ്ടാണ്, ഇനിയും അങ്ങനെത്തന്നെയായിരിക്കണെന്നാണ് തന്റെ ആഗ്രഹമെന്നും ആരോഗ്യം മോശമായതിനാല്‍ തനിക്ക് പാടാനാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
മകളുടെ ചികിത്സാച്ചെലവിലേക്കുമാത്രം പ്രതിമാസം 8000 രൂപ ആവശ്യമാണ്. ലഭിക്കുന്ന 1500 രൂപയില്‍നിന്ന് മകളുടെ ചികിത്സക്ക് പണം തികയില്ല. കാരുണ്യത്തിന്റെ കരങ്ങള്‍ക്കായി അവര്‍ കാത്തിരിക്കുകയാണ്…..