കാത്തിരിക്കാന്‍ സമയമില്ലെന്ന് പ്രക്ഷോഭകാരികള്‍

കെയ്‌റോ: ഈജിപ്തില്‍ ഒരാഴ്ചയിലേറെയായി തുടരുന്ന ജനാധിപത്യപ്രക്ഷോഭം ഒടുവില്‍ വിജയത്തിലേയ്ക്ക് നീങ്ങുന്നു. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനമൊഴുയുമെന്ന് മുബാറക്ക് പ്രഖ്യാപിച്ചതോടെ മൂന്ന് പതിറ്റാണ്ടു നീണ്ട ക്രൂരഭരണത്തിന് അന്ത്യമാവുന്നു. പ്രക്ഷോഭകര്‍ക്കെതിരേ ബലംപ്രയോഗിക്കില്ലെന്ന നിലപാട് സൈന്യം സ്വീകരിച്ചതോടെയാണ് ജനങ്ങള്‍ക്കു മുമ്പില്‍ മുബാറക്ക് തന്റെ നിലപാടുകള്‍ക്കു അയവുവരുത്തുന്നത്. അതോടൊപ്പം സാമാധാനപരമായി അധികാരം കൈമാറാനുള്ള നടപടിയും കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.

‘സത്യം പറയുകയാണെങ്കില്‍ ഈജിപ്തില്‍ ഈ അവസ്ഥയുണ്ടാവുന്നതിനു മുന്‍പ് തന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നുഞാന്‍ തീരുമാനിച്ചിരുന്നു. കാരണം ഇപ്പോള്‍ തന്നെ വര്‍ഷങ്ങളായി ഈജിപ്തിനെ സേവിച്ചുകൊണ്ടിരിക്കുകയാണ്’.ദേശീയ ടെലിവിഷന്‍ ചാനലില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും പ്രസിഡന്റ് കാലാവധിയുടെ അവസാന മാസങ്ങളില്‍ സമാധാനപരമായി അധികാരം കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോടു അഭ്യര്‍ഥിച്ചു.

യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ദൂതന്‍ കാരിയോയിലെത്തി മുബാറക്കിനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാക്കില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഇതേ ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മുബാറക്കിന്റെ തീരുമാനമെന്നാണ് സൂചന.

അതേസമയം, മുബാറക്ക് എത്രയും വേഗം രാജിവച്ചൊഴിയണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ഇതിനെ പ്രതിരോധിക്കാന്‍ മുബാറക്ക് നടത്തുന്ന പുതിയ ശ്രമമാണിതെന്ന് അവര്‍ ആരോപിക്കുന്നു. ഇന്നലെ തലസ്ഥാനമായ കയ്‌റോയിലെ താഹറിര്‍ ചത്വരത്തിലും രണ്ടാമത്തെ വലിയ നഗരമായ അലക്‌സാണ്ട്രിയയിലും മുബാറക്കിന്റെ രാജി ആവശ്യപ്പെട്ട് ജനലക്ഷങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നു. മുബാറക് രാജിവച്ചൊഴിയാതെ കയ്‌റോ വിടില്ലെന്നാണു പ്രകടനക്കാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.