കെയ്‌റോ: ഈജിപ്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റു രാജ്യങ്ങളുടെ നിര്‍ദേശം ആവശ്യമില്ലെന്ന് പ്രസിഡന്റ് ഹോസ്‌നി മുബാറക്ക്. വ്യാഴാഴ്ച ഈജിപ്തിലെ ഒരു ടെലിവിഷന്‍ ചാനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവര്‍ണമെന്റിന് തെറ്റുകള്‍ പറ്റിയിട്ടുണ്ടാവാം. എന്നാല്‍ അത് തിരിച്ചറിയുന്നതാണ് വലിയ കാര്യം. ഈജിപ്തിന്റെ കാര്യത്തില്‍ വിദേശ രാജ്യങ്ങളുടെ നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്നും മൂബാറക്ക് വ്യക്തമാക്കി. മറ്റുരാജ്യങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഈജിപ്തിന് ആവശ്യമില്ല. വിദേശരാജ്യങ്ങളുടെ ഉപദേശമില്ലാതെ ഈജിപ്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

17 ദിവസമായി തുടരുന്ന ജനകീയ സമരത്തിന്റെ പശ്ചാത്തലത്തില്‍ എത്രയും വേഗം അധികാര കൈമാറ്റം നടത്തണമെന്ന യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ സമ്മര്‍ദ്ധം ചെലുത്തുന്നതിനിടെയാണ് മുബാറക് വിദേശ നിര്‍ദ്ദേശങ്ങള്‍ ആവശ്യമില്ലെന്ന് വെട്ടിത്തുറന്നുപറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ഈജിപ്ത് കടന്നുപോകുന്നതെന്നും ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുബാറക് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സെപ്റ്റംബറിലെ തിരഞ്ഞെടുപ്പുവരെ രാജിവയ്ക്കിലെന്ന് മുബാറക്ക് ആവര്‍ത്തിച്ചു. സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നതു തന്റെ ഉറച്ച നിലപാടാണ്. പ്രസിഡന്റിന്റെ ചില അധികാരങ്ങള്‍ വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന് കൈമാറുമെന്നും മുബാറക് അറിയിച്ചു.

ഭരണഘടനയില്‍ ഭേദഗതി വരുത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി. അതിനായി നാലംഗ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമാധാന പരമായ അധികാരമാറ്റമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മുബാറക്ക് വ്യക്തമാക്കി.

<iframe title=”YouTube video player” width=”560″ height=”345″ src=”http://www.youtube.com/embed/NRdzJfpmcLQ?rel=0″ frameborder=”0″ allowfullscreen></iframe>