ആലുവ: വിതുര പെണ്‍വാണിഭക്കേസില്‍ പ്രതിയെ ആലുവ മുനിസിപ്പല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തത് വിവാദമാകുന്നു. കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ മഹിളാ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് എം.ടി ജേക്കബിനെയാണ് ആലുവ മുനിസിപ്പില്‍ ചെയര്‍മാനായി തിരഞ്ഞെടുത്തത്. എ ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് ജേക്കബ് ചെയര്‍മാനായത്. എ ഗ്രൂപ്പിലെ ശക്തനായ നേതാവ് എം.ഒ ജോണാണ് ജേക്കബിന്റെ പേര് നിര്‍ദേശിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നേരത്തെ ജോണിന്റെ പേരാണ് നിര്‍ദേശിക്കപ്പെട്ടതെങ്കിലും ജോണ്‍ മത്സരിച്ച വാര്‍ഡില്‍ എതിര്‍ സ്ഥാനാര്‍ഥി മരിച്ചതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കയാണ്. ജോണ്‍ ജയിച്ചു വന്നാല്‍ സ്ഥാനമൊഴിഞ്ഞ് അവസരം നല്‍കാനാണ് തന്റെ വിശ്വസ്ഥനെ ജോണ്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തീരുമാനത്തിനെതിരെ ഐ ഗ്രൂപ്പ് എതിര്‍ക്കുകയാണ്.

വിവാദമായ വിതുര പെണ്‍വാണിഭക്കേസില്‍ രജിസ്റ്റര്‍ ചെയ്ത 23 കേസുകളില്‍ പ്രതിപ്പിട്ടികയിലുള്ള ഒരാളാണ് ജേക്കബ്. വൈകാതെ ജേക്കബ് വിചാരണക്ക് വിധേയമാകേണ്ടി വരും. ഇക്കാര്യം അറിഞ്ഞിട്ടും ജേക്കബിനെ ചെയര്‍മാനാക്കിയതാണ ്പ്രതിഷേധത്തിനിടയാക്കിയത്.

ഇത്തരം കേസുകളില്‍പ്പെട്ടവരെ ഭരണ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് കോണ്‍ഗ്രസ് പാരമ്പര്യമല്ലെന്നും വിഷയത്തില്‍ കെ.പി.പി.സിയും എ.ഐ.സി.സിയും ഇടപെടുമെന്നാണ് കരുതുന്നതെന്നും ലാലി വിന്‍സന്റ് പറഞ്ഞു. എന്നാല്‍ കേസിന്റെ കാര്യം തങ്ങള്‍ അറിയില്ലെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ നിലപാട്.

1995 നവംബര്‍ ഏഴിന് ഏറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് വിതുരയിലെ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കേസ് കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. കേസില്‍ നടന്‍ ജഗതി ശ്രീകുമാറിനെ കോടതി വെറുതെ വിട്ടിരുന്നു.