എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ അവനെത്തി; ടീം ഇന്ത്യയ്ക്ക് ആവേശം പകരാന്‍ ഗ്യാലറിയില്‍ റാഞ്ചിയുടെ പ്രിയങ്കരന്‍ എം.എസ് ധോണി
എഡിറ്റര്‍
Monday 20th March 2017 3:44pm

റാഞ്ചി: ഓസീസിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യ സമനിലയിലേക്ക് അടുക്കുകയാണ്. പക്ഷെ റാഞ്ചിയിലെ ആരാധകര്‍ നിരാശരാകില്ല. കാരണം ഗ്യാലറിയില്‍ അവരുടെ പ്രിയതാരം മഹേന്ദര്‍ സിംഗ് ധോണിയെന്ന മഹി എത്തിയിരിക്കുകയാണ്. മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം ഇരു ടീമുകളും ചായയ്ക്ക് പിരിഞ്ഞതിന് പിന്നാലെയാണ് മഹി ഗ്യാലറിയിലെത്തിയത്.

ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണി സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കാനായിരുന്നു എത്തിയത്. വി.വി.ഐ.പി ലോഞ്ചിലാണ് മഹി ഇരിക്കുന്നത്. ഇടയ്ക്ക് ക്യാമറക്കണ്ണുകള്‍ മഹിയിലേക്ക് നീങ്ങിയപ്പോള്‍ തന്റെ ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യാനും അദ്ദേഹം മറന്നില്ല. നിലയ്ക്കാത്ത ആരവത്തോടെയാണ് റാഞ്ചി തങ്ങളുടെ പ്രിയ താരത്തെ വരവേറ്റത്.

വിജയ് ഹാസരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ നയിച്ച ധോണി ഇന്ന് രാവിലെയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനോട് 81 റണ്‍സിന് സെമിയില്‍ തോറ്റു മടങ്ങാനായിരുന്നു ധോണിയ്ക്കും കൂട്ടര്‍ക്കും വിധി.

അവസാനദിനത്തെ കളി ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍, ധോണിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ നന്നാവുമായിരുന്നുവെന്ന് കോച്ച് അനില്‍ കുംബ്ലെ അഭിപ്രായപ്പെട്ടിരുന്നു.


Also Read: ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരമായി ആമിര്‍ ഖാന്‍; ദംഗലിന് ലഭിച്ച പ്രതിഫലം എത്രയെന്നറിഞ്ഞാല്‍ ഞെട്ടും


ധോണിയില്ലാതെ റാഞ്ചിയില്‍ ഇന്ത്യ ഇറങ്ങുന്നത് ഇതാദ്യമാണ്. റാഞ്ചിയിലെ ആദ്യ ടെസ്റ്റുമാണിത്.

അതേസമയം റാഞ്ചി ടെസ്റ്റ് സമനിലയിലേക്കാണ് നീങ്ങുന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 175-4 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഷോണ്‍ മാര്‍ഷും പീറ്റര്‍ ഹാന്‌സ്‌കോമ്പുമാണ് ക്രീസിലുള്ളത്.

Advertisement