മൈസൂര്‍: മൈസൂരിലെ ചാമരാജേന്ദ്ര പാര്‍ക്കിലെ കടുവകളിലൊന്നിനെ മഹേന്ദ്രസിംങ് ധോണി ദത്തെടുത്തു. ഇവിടുത്തെ ഒമ്പതുകാരനായ അഗസ്ത്യയെയാണ് ധോണി ദത്തെടുത്തത്. ഒരു വര്‍ഷത്തെക്കാണ് ദത്ത് കരാര്‍.

കടുവയെ ദത്തെടുക്കാനുള്ള ചാര്‍ജായി ഒരുലക്ഷം രൂപയും പൂരിപ്പിച്ച അപേക്ഷഫോമും മൈസൂര്‍ മൃഗശാലാ അധികൃതികര്‍ക്ക് ധോണി കൈമാറിയിട്ടുണ്ട്. വിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായി വെസ്റ്റിന്റീസില്‍ കഴിയുന്ന ധോണി പണത്തൊടൊപ്പം കടുവാ സംരക്ഷണത്തിന്റെ പ്രധാന്യം അറിയിച്ച് ഒരു കുറിപ്പും കൊടുത്തയച്ചിട്ടുണ്ട്.

ക്രിക്കറ്റിനു പുറമേ കടുവകളുടേയും കാട്ടുപൂച്ചകളുടേയും സംരക്ഷണത്തിനായി ദേശ വ്യാപകമായി നടത്തുന്ന പരിപാടികളില്‍ ധോണി പങ്കെടുക്കാറുണ്ട്.  കടുവകളോടുമാത്രമല്ല എല്ലാ മൃഗങ്ങളോടും തനിക്ക് ഇഷ്ടമാണെന്നും അവയെയും സംരക്ഷിക്കേണ്ടതുണ്ടെന്നും ധോണി കത്തിലൂടെ അറിയിച്ചതായി കര്‍ണാടക മൃഗശാല അതോറിറ്റി മെമ്പര്‍ സെക്രട്ടറി എം.എന്‍ ജയകുമാര്‍ പറഞ്ഞു.

ധോണി ദത്തെടുത്തതോടെ അഗസ്റ്റിയയെ കൂട്ടിലേക്ക് മാറ്റി. ഇതോടെ മൈസൂര്‍ കാഴ്ചബംഗ്ലാവിലെ എല്ലാകടുവകളും ദത്തെടുക്കപ്പെട്ടവരായി.

അഗസ്റ്റിനു പുറമേ റാഞ്ചിയിലെ ബ്രിസ മുണ്ട മൃഗശാലയിലെ സുഗ്രീവ് എന്ന കടുവയെയും ധോണി ദത്തെടുത്തേക്കും. കടുവയെ ദത്തെടുക്കണമെന്നാവശ്യപ്പെട്ട് മൃഗശാല അധികൃതര്‍ ധോണിയുടെ ബന്ധുക്കളെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ധോണിയുടെ സമയക്കുറവ് കാരണം ദത്തെടുക്കല്‍ നീട്ടുകയായിരുന്നെന്നാണ് അറിയുന്നത്.

ഇന്ത്യയുടെ മുന്‍ പേസ് ബൗളര്‍ ശ്രീനാഥ് ആവശ്യപ്പെട്ടതനുസരിച്ചാണ് ധോണി കടുവയെ ദത്തെടുത്തത്.