കോട്ടയം: എം.ആര്‍.എഫ് ടയേഴ്‌സിന്റെ കോട്ടയത്തെ പ്രൊഡക്ഷന്‍ യൂണിറ്റ് അടച്ചുപൂട്ടി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐ.എന്‍.ടി.യു.സി യൂണിയനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണിത്.

കോട്ടയത്ത് നിന്നും 10 കിലോമീറ്ററോളം അകലെ വടവാതൂരിലുള്ള എം.ആര്‍.എഫ് ടയേഴ്‌സാണ് അടച്ചുപൂട്ടിയിരിക്കുന്നത്. നാല് ദിവസമായി കമ്പനി പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് രാവിലെയാണ് ലോക്കൗട്ട് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ഐ.എന്‍.ടി.യു.സിയുടെ ചില പ്രവര്‍ത്തകരും എം.ആര്‍.എഫിലെ ചില ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് ഐ.എന്‍.ടി.യു.സിക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെതിരെ യൂണിയന്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു.

യൂണിയന്‍ സമരം പ്രഖ്യാപിച്ചതിനോടുള്ള പ്രതികാരമായാണ് കമ്പനി പൂട്ടാന്‍ അധികൃതര്‍ തീരുമാനമെടുത്തത്. ഇതിന് മുന്നോടിയായി തൊഴിലാളികളോട് ജോലി ചെയ്യേണ്ടെന്ന് മാനേജ്‌മെന്റ് തന്നെ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇവിടെയുള്ള സി.ഐ.ടി.യു തൊഴിലാളികള്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ആകെയുള്ള 13,00 തൊഴിലാളികളില്‍ 800പേരും സി.ഐ.ടി.യുവിലാണ്. ഇവരുടെ വാഗ്ദാനം മാനിക്കാതെയാണ് ലോക്കൗട്ട് പ്രഖ്യാപിച്ചത്.