എഡിറ്റര്‍
എഡിറ്റര്‍
പശു കൊലപാതകങ്ങളെ അപലപിക്കണമെന്ന അപേക്ഷ തള്ളി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി: പ്രതിഷേധമറിച്ച് എം.പിമാര്‍ ഇറങ്ങിപ്പോയി
എഡിറ്റര്‍
Friday 30th June 2017 8:42am

ന്യൂദല്‍ഹി: പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് മുസ്‌ലീങ്ങള്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ അപലപിക്കാന്‍ വിസമ്മതിച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ കാര്യവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി പാനല്‍ അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

‘ജുനൈദ് എന്ന കുട്ടിയെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തെയും അതുപോലുള്ള മറ്റു ആക്രമണങ്ങളെയും അപലപിക്കാന്‍ ഞാനുള്‍പ്പെടെയുള്ള ആറ് എം.പിമാരും നഖ്‌വിജിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം യോഗരേഖകളില്‍ റെക്കോര്‍ഡ് ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു.’ ജെ.ഡി.യു എം.പി അലി അന്‍വര്‍ അന്‍സാരി പറഞ്ഞു.


Must Read: ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ നടന്ന കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന് പൊലീസ്


എന്നാല്‍ ഇത് യോഗ അജണ്ടയുടെ ഭാഗമല്ല എന്നു പറഞ്ഞ് എം.പിമാരുടെ ആവശ്യം മന്ത്രി തള്ളുകയായിരുന്നു.

ജനക്കൂട്ടത്തിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി രണ്ടുമിനിറ്റ് മൗനം ആചരിക്കാനും യോഗത്തില്‍ എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനും അദ്ദേഹം തയ്യാറായില്ല.

മുസ്‌ലിം ലീഗില്‍ നിന്നുള്ള ഇ.ടി മുഹമ്മദ് ബഷീര്‍, ടി.എം.സിയില്‍ നിന്നുള്ള ഇദ്‌രിസ് അലി, കേരളാ കോണ്‍ഗ്രസില്‍ നിന്നുള്ള ജോയ് എബ്രഹാം, കോണ്‍ഗ്രസില്‍ നിന്നുള്ള എം.ഐ ഷാനവാസും, മൗസം നൂറും ആണ് യോഗത്തില്‍ പങ്കെടുത്തത്. മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇവര്‍ ന്യൂനപക്ഷകാര്യ വിഭാഗത്തിന്റെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

രാജ്യത്ത് നടന്ന ജനക്കൂട്ട ആക്രമണ സംഭവങ്ങളില്‍ ഇരകളായവരെല്ലാം മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്നും അതിനാല്‍ ഈ സംഭവങ്ങളെ അപലപിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും അന്‍സാരി പറയുന്നു.

ഒരു സമുദായത്തിനും ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്നും മുക്താര്‍ അബ്ബാസ് നഖ് യോഗത്തിനു മുമ്പ് പറഞ്ഞിരുന്നു.

Advertisement