എഡിറ്റര്‍
എഡിറ്റര്‍
രാജ്യസഭയില്‍ ഹാജരാകാത്ത സച്ചിനും രേഖക്കും രൂക്ഷവിമര്‍ശനം
എഡിറ്റര്‍
Friday 8th August 2014 6:49pm

sachin rekha

ന്യൂദല്‍ഹി: പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാത്ത ക്രിക്കറ്റ്താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ചലച്ചിത്രതാരം രേഖയ്ക്കും രാജ്യസഭാ അംഗങ്ങളുടെ വിമര്‍ശം. ഇത്തരം ആളുകളെ മേലില്‍ രാജ്യസഭയിലേക്ക് ആരും നാമനിര്‍ദേശം ചെയ്യരുതെന്ന് എന്‍.സി.പി നേതാവ് ഡി.പി ത്രിപാഠി ആവശ്യപ്പെട്ടു.  ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ പി. രാജീവും ആവശ്യപ്പെട്ടു.

സച്ചിന്‍ മികച്ച ക്രിക്കറ്ററും രേഖ നല്ല അഭിനേത്രിയുമാണെങ്കിലും രാജ്യസഭയില്‍ ഹാജരാകാത്തത് പാര്‍ലമെന്റിനെയും ഭരണഘടനേയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് ത്രിപാഠി പറഞ്ഞു. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ സച്ചിന് വലിയ ഉത്തരവാദിത്വമാണുള്ളതെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

സഭയില്‍ ഹാജരാകാത്ത അംഗങ്ങളുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ഭേദമന്യേ അംഗങ്ങള്‍ പറഞ്ഞു. ഇരുവരും നാമനിര്‍ദേശം ചെയ്ത കോണ്‍ഗ്രസിനെയും ഇത് പ്രതികൂട്ടിലാക്കിയിരിക്കുകയാണ്. രണ്ടുപേരോടും വിശദീകരണം തേടാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി.

സച്ചിന്‍ ഇതുവരെയായി മൂന്നു ദിവസവും രേഖ ഏഴു ദിവസവുമാണ് സഭയില്‍ ഹാജരായത്. സച്ചിന്‍ ഈ വര്‍ഷം ഒരു ദിവസംപോലും സഭാനടപടികളില്‍ പങ്കെടുത്തിട്ടില്ല. വന്നപ്പോഴാകട്ടെ ഒരൊറ്റ ചര്‍ച്ചയിലും പങ്കാളിയായതുമില്ല.

60 ദിവസം സഭയില്‍ ഹാജരായില്ലെങ്കില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കുമെന്നാണ് നിയമം. എന്നാല്‍, ഇരുവരും 40 ദിവസം മാത്രമാണ് സഭയില്‍ ഹാജരാകാതിരുന്നതെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പറഞ്ഞു. സി.പി.ഐ.എം അംഗം പി.രാജീവാണ് ഇരുവരും സഭയില്‍ ഹാജരാകാത്ത കാര്യം ചൂണ്ടിക്കാണിച്ചത്.

പാര്‍ലമെമെന്റില്‍ രാജ്യത്തിന്റെ വികസനത്തെ സംബന്ധിച്ചുളള ചര്‍ച്ചകളാണ് നടക്കുന്നതെന്നും അതില്‍ സച്ചിന്റെ അഭിപ്രായവും അറിയാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് ബി.ജെ.പി എം.പി തരുണ്‍ വിജയ്  അറിയിച്ചു. സഭയില്‍ സച്ചിന്‍ ഹാജരാകണമെന്നും അദ്ദേഹത്തെ വിമര്‍ശിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് മനോജ് തിവാരി  പ്രതികരിച്ചു.

2012 ജൂണിലാണ് സച്ചിനെ രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കുന്നത്. 2പാര്‍ലമെന്റ് അംഗത്തിന് ലഭിക്കുന്ന എം പി ഫണ്ട് സച്ചിന്‍ തീരെ ഉപയോഗിക്കാത്തതിനെതിരെയും നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്ന് വര്‍ഷംകൊണ്ട് ലഭിച്ച 15 കോടി രൂപ സച്ചിന്‍ വിനിയോഗിച്ചിട്ടില്ല.

Advertisement