തിരുവനന്തപുരം: മഹാസഖ്യത്തില്‍നിന്ന് പിന്‍മാറി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ബി.ജെ.പിയുമായി ചേര്‍ന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനം ഞെട്ടിച്ചുവെന്ന് എം.പി വീരേന്ദ്രകുമാര്‍.

തീരുമാനം ഒരു തരത്തിലും അംഗീകരിക്കുന്നില്ല. മതേതരത്വം സംരക്ഷിക്കാനുള്ള പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കാനായിരുന്നു ബീഹാറില്‍ മഹാസഖ്യം രൂപീകരിച്ചത്. അത് രാഷ്ട്രത്തിന് മുന്നില്‍ വെച്ച ഒരു പ്രഖ്യാപനമായിരുന്നു. എന്നാല്‍ അതിനെ അട്ടിമറിച്ച് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുകയാണ് നിതീഷ് കുമാര്‍.


Dont Miss സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് ദന്തഡോക്ടറായ യുവതിയെ പീഡിപ്പിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍


ഒരു തരത്തിലും അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ അംഗീകരിക്കാന്‍ സാധിച്ചില്ല. ഇതിനെ എതിര്‍ക്കണമെന്ന് എല്ലാ ജെ.ഡിയു എം.പിമാരോടും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.

നിതീഷ് കുമാറുമായുള്ള ബന്ധം ഇതോടെ അവസാനിച്ചിരിക്കുന്നു. എന്തുവില കൊടുക്കേണ്ടി വന്നാലും അദ്ദേഹത്തിന്റെ തീരുമാനത്തെ അംഗീകരിക്കില്ല. ഇതിന്റെ പേരില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന ഏത് നഷ്ടവും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ കൊടുക്കുന്ന ചെറിയ സംഭാവനയായി കണക്കാക്കും. ഞങ്ങളുടെ തീരുമാനം അന്തിമമാണ്. നിതീഷ് കുമാറിന്റെ ഈ തീരുമാനത്തെ എതിര്‍ക്കാന്‍ ശരദ് യാദവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുറച്ചുദിവസത്തിനകം തന്നെ എല്ലാ എം.പിമാരേയും കാണും. രാജ്യസഭാ സീറ്റ് എന്നത് ഫൈറ്റ് ചെയ്യാന്‍ ഉള്ളതാണ്. അതിന് വേണ്ടി ഫാസിസ്റ്റ് ശക്തികള്‍ക്ക് വളംവെച്ചുകൊടുക്കാന്‍ തയ്യാറല്ല.

വേണ്ടി വന്നാല്‍ രാജ്യസഭാ അംഗത്വം വേണ്ടെന്ന് വെക്കും. ഇനി ബീഹാറില്‍ ബി.ജെ.പിയുടെ മുന്നേറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. ബീഹാര്‍ ബി.ജെ.പി ഇനി പിടിച്ചെടുക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.