ന്യൂദല്‍ഹി: എം പിമാരുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭാ തീരുമാനം. നേരത്തെ വര്‍ധിപ്പിച്ച 50,000 രൂപയില്‍ നിന്ന് 10,000 രൂപ കൂടി കൂട്ടി 60,000 രൂപയായാണ് വര്‍ധന.

കഴിഞ്ഞ ദിവസമാണ് എം പിമാരുടെ ശമ്പളം 300 ശതമാനം വര്‍ധിപ്പിച്ച് 50,000 രൂപയാക്കിയത്. എന്നാല്‍ വര്‍ധനവ് അപര്യാപ്തമാണെന്ന് എസ് പി, ആര്‍ ജെ ഡി തുടങ്ങിയ കക്ഷികള്‍ ആരോപണമുന്നയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് 10,000 രൂപ കൂടി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ഇടതുപക്ഷമൊഴികെ പ്രമുഖ പാര്‍ട്ടികളെല്ലാം ശമ്പള വര്‍ധനവിനെ അനുകൂലിക്കുകയായിരുന്നു. നേരത്തെയുള്ള വര്‍ധനവിനെ തന്നെ ഇടതുപക്ഷം എതിര്‍ത്തിരുന്നു. നേരത്തെ 16,000 രൂപയായിരുന്നു എം പിമാരുടെ ശമ്പളം.