മുംബൈ: ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ കായികത്തിന് പ്രാധാന്യം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പദ്ധതി തയാറാക്കുന്നു. ഇതിന്റെ ഭാഗമായി പാഠ്യവിഷയത്തില്‍ കായികം നിര്‍ബന്ധ വിഷയമാക്കണമെന്ന ആവശ്യമുന്നയിച്ച് സച്ചിന്‍ കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി കപില്‍ സിബലിന് കത്തയച്ചിട്ടുണ്ട്.

Ads By Google

Subscribe Us:

ചില നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയ സച്ചിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും മാനവവിഭവശേഷി മന്ത്രാലയത്തിലെത്തി കൂടുതല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സച്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

എന്‍.സി.ഇ.ആര്‍.ടിയെയും സി.ബി.എസ്.ഇയെയും പോലുള്ള സ്ഥാപനങ്ങളാണ് കായികം ഒരു പാഠ്യവിഷയമാക്കേണ്ടതിനെ കുറിച്ച് തീരുമാനം എടുക്കേണ്ടത്. അതിനായി അതിലെ വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കായിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് സച്ചിന് രാജ്യസഭയില്‍ ഇടംലഭിച്ചത്. ആ നിലയ്ക്ക് കായിക രംഗത്തെ കൂടുതല്‍ സജീവമാക്കുകയെന്നതാണ് സച്ചിന്റെ ലക്ഷ്യം എന്നാണ് അറിയുന്നത്

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സ്‌പോര്‍ട്‌സിന്റെ കടന്നുവരവോടെയുണ്ടാകുന്ന നല്ല മാറ്റങ്ങള്‍ സച്ചിന്‍ കത്തില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്‌പോര്‍ട്‌സും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നതാണ് തന്റെ ആഗ്രഹമെന്നും രാജ്യത്തിനുവേണ്ടി നേട്ടമുണ്ടാക്കുന്ന കായിക താരങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ ഇളവ് നല്‍കുമെന്ന യു.ജി.സി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.