എഡിറ്റര്‍
എഡിറ്റര്‍
അവസാനം സച്ചിന്‍ മനസ്സുതുറന്നു: സര്‍ക്കാര്‍ ബംഗ്ലാവ് തനിയ്ക്ക് വേണ്ട
എഡിറ്റര്‍
Saturday 9th June 2012 3:07pm

ന്യൂദല്‍ഹി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അവസാനം വീടിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തി. തനിയ്ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ബംഗ്ലാവ് വേണ്ടെന്ന നിലപാടാണ് സച്ചിന്‍ എടുത്തത്.

സര്‍ക്കാര്‍ ബംഗ്ലാവിന് കൂടി അനാവശ്യമായി ടാക്‌സ് അടക്കുന്നത് എന്തിനാണെന്നാണ് സച്ചിന്റെ ചോദ്യം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്ക് സമീപമുള്ള തുഗ്ലക്ക് ലേനിലെ വസതി സര്‍ക്കാര്‍ സച്ചിന് അനുവദിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ തനിയ്ക്ക് അനുവദിക്കുന്ന ബംഗ്ലാവ് വേണ്ടെന്ന് സച്ചിന്‍ തീരുമാനിക്കുകയായിരുന്നു.

ഞാന്‍ ദല്‍ഹിയില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളു. അതുകൊണ്ട് തന്നെ അധികകാലം സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിക്കാനും എനിയ്ക്ക് കഴിയില്ല. എനിയ്ക്ക് തോന്നുന്നു. വീടനുവദിക്കുന്നത് വെറുതേ ടാക്‌സ് അടച്ച് കളയാന്‍ മാത്രമേ പ്രയോജനപ്പെടുകയുളളു എന്ന്. അതുകൊണ്ട് തന്നെ എന്നേക്കാളേറെ ബംഗ്ലാവ് ആവശ്യമുള്ള മറ്റാരെങ്കിലുമുണ്ടാകും. അത് അവര്‍ക്ക് അനുവദിച്ചുകൊടുക്കുന്നതാവും നല്ലത്‘. സച്ചിന്‍ വ്യക്തമാക്കി.

താന്‍ ദല്‍ഹിയില്‍ വന്ന് താമസിക്കുന്ന സമയത്തൊക്കെ ഹോട്ടലില്‍ മുറിയെടുക്കാറാണ് പതിവെന്നും തുടര്‍ന്നും അങ്ങിനെ തന്നെ ആയിരിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

തുഗ്ലക്ക് ലേനില്‍ അനുവദിച്ചിരുന്ന ബംഗ്ലാവില്‍ ഇതിനു മുന്‍പ് താമസിച്ചിരുന്നത് മുന്‍ ദല്‍ഹി ചീഫ് മിനിസ്റ്റര്‍ സാഹിബ് സിംഗ് വര്‍മയായിരുന്നു. 7000 സ്‌ക്വയര്‍ ഫീറ്റിലുള്ള ബംഗ്ലാവില്‍ 5 പ്രധാന മുറികളാണ് ഉണ്ടായിരുന്നത്.

കായിക മേഖലയില്‍ നിന്നും ആദ്യമായി രാജ്യസഭയിലെത്തുന്ന താരമാണ് സച്ചിന്‍. സച്ചിനൊപ്പം നടി രേഖയും ബിസിനസുകാരിയായ അനു അഗയും പാര്‍ലമെന്റില്‍ എത്തിയിരുന്നു.

Advertisement