എഡിറ്റര്‍
എഡിറ്റര്‍
പശുവിനെ കൊന്ന ഉയര്‍ന്ന ജാതിക്കാരന് ഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ ശിക്ഷ; കുറഞ്ഞ ശിക്ഷയ്‌ക്കെതിരെ പരാതിയുമായി ദളിത് യുവാവ്
എഡിറ്റര്‍
Monday 24th July 2017 11:02am

ഭോപ്പാല്‍: തന്റെ പശുവിനെ കൊന്ന ഉയര്‍ന്ന ജാതിക്കാരന് ലളിതമായ ശിക്ഷ നല്‍കിയ പഞ്ചായത്ത് നിലപാടിനെതിരെ നിയമയുദ്ധത്തിനൊരുങ്ങി ദളിത് യുവാവ്. ശങ്കര്‍ അഹിര്‍വാര്‍ എന്ന യുവാവാണ് പശുവിനെ കൊന്ന മോഹന്‍ തിവാരിയെന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

പശു ചാവാന്‍ കാരണക്കാരനായ മോഹന്‍തിവാരിയ്ക്ക് ഗംഗയില്‍ മുങ്ങുകയെന്നതായിരുന്നു പ്രാദേശിക പഞ്ചായത്ത് നല്‍കിയ ശിക്ഷ. എന്നാല്‍ തിവാരി മേല്‍ജാതിക്കാരനായതുകൊണ്ടാണ് അയാള്‍ക്ക് ചെറിയ ശിക്ഷ നല്‍കിയെന്നു പറഞ്ഞ ശങ്കര്‍ ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മധ്യപ്രദേശിലെ തികാംഗര്‍ ജില്ലയിലെ ദുംബറിലാണ് സംഭവം നടന്നത്. ശങ്കറിന്റെ പശു ഇടയ്ക്ക് തിവാരിയുടെ പാടത്ത് മേയാന്‍ പോകാറുണ്ടായിരുന്നു. ഇതില്‍ രോഷാകുലനായ തിവാരി പശുവിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മര്‍ദ്ദിക്കുകയാായിരുന്നു. പരുക്കേറ്റ പശു പിന്നീട് മരിച്ചു. ഈ വാര്‍ത്ത പരന്നതോടെയാണ് പഞ്ചായത്ത് ഒത്തുതീര്‍പ്പുമായി രംഗത്തെത്തിയത്.


Must Read: ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാതിരിക്കാനും മുസ്‌ലീങ്ങളെ കൊല്ലാനും ചന്ദ്രശേഖര്‍ ആസാദിന് സവര്‍ക്കര്‍ പണം വാഗ്ദാനം ചെയ്‌തെന്ന് രേഖകള്‍


തിവാരി പാപം ചെയ്‌തെന്നു പറഞ്ഞ പഞ്ചായത്ത് അദ്ദേഹം ഗംഗയില്‍ മുങ്ങണമെന്നും ഗ്രാമവാസികള്‍ക്ക് സദ്യ നല്‍കണമെന്നും ഉത്തരവിട്ടു. എന്നാല്‍ ഈ തീരുമാനത്തില്‍ ശങ്കര്‍ തൃപ്തനല്ലായിരുന്നു. തിവാരിയ്ക്കു നല്‍കിയ ശിക്ഷ കുറഞ്ഞുപോയി എന്നായിരുന്നു ശങ്കറിന്റെ നിലപാട്.

പശു ചത്തതോടെ തന്റെ ഉപജീവനമാര്‍ഗം തന്നെ നഷ്ടമായെന്നും അതിനാല്‍ നഷ്ടപരിഹാരം പോലും നല്‍കാതെ ചെറിയ ശിക്ഷ നല്‍കി ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ശങ്കറിന്റെ നിലപാട്. താന്‍ ദളിതനായതുകൊണ്ടാണ് പഞ്ചായത്ത് ഇത്തരമൊരു സമീപനമെടുത്തതെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ മധ്യപ്രദേശിലെ ഗോഹത്യ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Advertisement