ഇന്‍ഡോര്‍: ആര്‍.എസ്.എസ് നേതാവ് പുറത്തിറക്കുന്ന കുട്ടികളുടെ പ്രസിദ്ധീകരണം മധ്യപ്രദേശിലെ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍വ്വശിക്ഷാ അഭിയാന്‍ ഫണ്ട് ചിലവഴിച്ചാണ് ഈ പ്രസിദ്ധീകരണം വാങ്ങിക്കുന്നത്. ഈ പ്രസിദ്ധീകരണം സ്‌കൂളുകളില്‍ വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരിട്ടുണ്ട്.

ആര്‍.എസ്.എസ് നേതാവ് ഇറക്കുന്ന പുസ്തകം മുന്‍കൂട്ടി പണമടിച്ച് വാങ്ങിക്കുന്നതില്‍ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ റാംനിവാസ് റാവത്ത് അഭിപ്രായപ്പെട്ടു. ഇതില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ച് ഒരു കമ്മിറ്റി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേവപുത്ര എന്നാണ് മാഗസിനിന്റെ പേര്. രാജ്യത്ത് ഏറ്റവുമധികം സര്‍ക്കുലേഷനുള്ള കുട്ടികളുടെ മാഗസീനാണ് ഇതെന്നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്ന ട്രസ്റ്റിന്റെ ഉടമയായ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് അവകാശപ്പെടുന്നത്. മധ്യപ്രദേശിലെ പ്രൈമറി, സെക്കന്ററി സ്‌കൂളുകളില്‍ ദേവപുത്ര നിര്‍ബന്ധമാക്കിയതാണ് സര്‍ക്കുലേഷന്‍ വര്‍ധിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറയുന്നു. 3,71,438 ആണ് ഈ പ്രസിദ്ധീകരണത്തിന്റെ സര്‍ക്കുലേഷന്‍.

പുസ്തകം സ്‌കൂളുകളില്‍ ഉറപ്പാക്കുന്നതിനായി സരസ്വതി ബാല്‍ കല്ല്യാണ്‍ ന്യാസ് ട്രസ്റ്റിന് സര്‍ക്കാര്‍ 13.26 കോടി രൂപ നല്‍കിയിട്ടുണ്ട്. അടുത്ത പതിനഞ്ച് വര്‍ഷം ദേവപുത്രയുടെ രണ്ട് കോപ്പി ഓരോ മാസവും സ്‌കൂളുകള്‍ക്ക് ലഭിക്കും. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് കൃഷ്ണകുമാര്‍ അഷ്താനയാണ് ട്രസ്റ്റിന്റെ തലവന്‍.

ആര്‍.എസ്.എസ് ആശയങ്ങള്‍ പ്രതിഫലിക്കുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മാര്‍ച്ച് ലക്കം ഹിന്ദു  പുതുവര്‍ഷത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതാണ്. ഇതില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവറാവു ബലിറാം ഹെഡ്‌ഗെവാറിനെക്കുറിച്ചുള്ള രണ്ട് പേജ് ലേഖനവുമുണ്ടായിരുന്നു. അദ്ദേഹത്തെ ദേശീയവാദിയായി പുകഴ്ത്തുന്നതായിരുന്നു ലേഖനം. നേരത്തെ ഗോള്‍വാള്‍ക്കറിനെക്കുറിച്ചുള്ള പ്രത്യേക പതിപ്പുമുണ്ടായിരുന്നു.

ഹിന്ദുമിത്തോളജിയില്‍ നിന്നും സ്വാതന്ത്ര്യസമര ചരിത്രങ്ങളില്‍ നിന്നുമൊക്കെ എടുത്ത ഗുണപാഠ കഥകളും ഈ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം പടിഞ്ഞാറന്‍ വിരുദ്ധ ചായ്‌വ് പ്രകടിപ്പിക്കുന്നതാണ്.

അതിനിടെ ഈ പുസ്തകത്തിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കുമെന്ന്  ട്രെസ്റ്റ് അധികൃതര്‍ അറിയിച്ചു. ഇതോടെ മാഗസിന്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. 16 രാജ്യങ്ങളിലെ  ഗുണഭോക്താക്കള്‍ക്ക് ഗുണകരമായിരിക്കുമിതെന്നും അവര്‍ അഭിപ്രായപ്പെട്ടു.