തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.പി.ഗംഗാധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തതായി കെ.പി.സിസി അറിയിച്ചു. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നതിന് ഉപാധികളൊന്നും വെച്ചിട്ടില്ലെന്ന് എം.പി.ഗംഗാധരന്‍ വ്യക്തമാക്കി.

സ്വന്തം ഇഷ്ടപ്രകാരമല്ല കോണ്‍ഗ്രസ് വിട്ടതെന്ന് പറഞ്ഞ അദ്ദേഹം കരുണാകരനൊപ്പം പോയതില്‍ പശ്ചാത്തപമില്ലെന്നും വ്യക്തമാക്കി.

1982- 1986 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമായിരുന്ന എം.പി.ഗംഗാധരന്‍ കെ കരുണാകരനെപ്പം പാര്‍ട്ടി വിട്ട് ഡി.ഐ.സി.കെ രുപീകരിക്കുകയായിരുന്നു. 2007 ല്‍ തുടര്‍ന്ന് ഡി.ഐ.സി.കെ എന്‍.സി.പിയില്‍ ലയിച്ചപ്പോള്‍ കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹം എന്‍.സി.പിയില്‍ തുടരുകയായിരുന്നു. 2009 ഒക്ടോബറില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇപ്പോഴാണ് കോണ്‍ഗ്രസ് തയ്യാറായത്.

കേരളത്തിലെ വിവിധ ആശുപത്രികളില്‍ ഗുണനിലവാരമില്ലാത്ത മരുന്ന് വിതരണം ചെയ്തതിന് അദ്ദേഹത്തേയും മൂന്ന് പേരേയും കഴിഞ്ഞ വര്‍ഷം കോടതി ശിക്ഷിച്ചിരുന്നു. ആറു മാസം തടവും 5000 രൂപയുമായിരുന്നു ശിക്ഷ.