ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ സാധനാ സിങ് ബാങ്ക് ലോണിന് അപേക്ഷിച്ചിരിക്കുകയാണ്. എന്തിനാണെന്നല്ലേ, ഇത്തിരി ഉള്ളിവാങ്ങാനാണ് മന്ത്രിപത്‌നി ലോണെടുക്കുന്നത്.

ഉള്ളിവില സ്വര്‍ണവില പോലെ കുതിക്കുന്നതിനെതിരെയുള്ള മന്ത്രി പത്‌നിയുടെ പ്രതിഷേധമാണ് ഈ ഉള്ളിലൊണിന് അപേക്ഷിച്ചതിനു പിന്നില്‍. മന്ത്രി പത്‌നിക്കു പുറമേ വിലക്കയറ്റത്തിനെതിരെ ലോണ്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകരും രംഗത്തുണ്ട്. ഭോപ്പാലിലെ ടിടി നഗര്‍ ബ്രാഞ്ചിലേക്ക് വായ്പയ്ക്കുള്ള അപേക്ഷയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

ഉള്ളിവാങ്ങാന്‍ ലോണിന് അപേക്ഷിക്കുന്ന കഥ കേട്ടല്ലോ, എന്നാല്‍ ഇതുപൊലെ വ്യത്യസ്തമായ മറ്റൊരു പ്രതിഷേധമാണ് ജംഷട്പൂരിലെ ഒരു വ്യാപാരി നടത്തിയത്. ജംഷട്പൂരിലെ ഒരു ടയര്‍ വ്യാപാരി ടയര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് ടയറിനൊപ്പം അഞ്ച് കിലോ ഉള്ളി വാഗ്ദാനം ചെയ്തുകൊണ്ടാണ്.

സാക്ചിയിലെ ടയര്‍ വ്യാപാരിയായ സാന്റാന്‍ സിങ് ഗംഭീറാണ് ഈ ഉള്ളിവില വര്‍ദ്ധനയ്‌ക്കെതിരെ ഈ വ്യത്യസ്ഥ പ്രതിഷേധവുമായി രംഗത്തുവന്നത്.