ഭോപ്പാല്‍: പ്രഥമ ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിനുള്ള വിവിധ സംസ്ഥാനങ്ങളുടെ സമ്മാനതുകാ പ്രഖ്യാപനങ്ങള്‍ തുടരുന്നു. ഏറ്റവും ഒടുവിലായി മധ്യപ്രദേശ് സര്‍ക്കാറാണ് ഹോക്കി താരങ്ങള്‍ക്ക് സമ്മാന തുകാ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ ടീമംഗങ്ങള്‍ക്ക് ഒരു ലക്ഷംരൂപ വീതം സമ്മാനമായി നല്‍കും.

ലോക സാമ്പത്തിക ഫോറം യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചൈനയിലുള്ള മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അവാര്‍ഡ് നല്‍കുന്ന് കാര്യം പ്രഖ്യാപിച്ചത്. ടീമിന് ഹോക്കി ഇന്ത്യ 25,000 രൂപ മാത്രമാണ് സമ്മാനമായി പ്രഖ്യാപിച്ചതെന്നും താരങ്ങള്‍ അതു നിരസിച്ചെന്നും അറിഞ്ഞതിനെ തുടര്‍ന്നാണ് ചൗഹാന്റെ സമ്മാന വാഗ്ദാനം.

പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി കീരീടവുമായി നാട്ടിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോക്കി ഇന്ത്യ താരതമ്യേന ചെറിയ തുക പ്രഖ്യാപിച്ചത് വിവാദമായിരുന്നു. നിരവധി മുന്‍ താരങ്ങള്‍ ഹോക്കി ഇന്ത്യയുടെ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ ടീമംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ പഞ്ചാബ് സര്‍ക്കാരും ഒറീസര്‍ക്കാരും ടീമംഗങ്ങള്‍ക്ക് സമ്മാന തുക പ്രഖ്യാപിച്ചിരുന്നു.