Administrator
Administrator
പുതിയതൊന്നുമില്ലാത്ത മലര്‍വാടി
Administrator
Saturday 24th July 2010 12:07pm

ജെ ജെ ഗുരുക്കള്‍

പുതിയ സംവിധായകന്‍, ഏഴു പുതിയ നടീനടന്മാര്‍, പുതിയ രീതിയിലുള്ള പേര് ഇത്രയുമൊക്കെയായി വന്‍ പ്രതീക്ഷയോടെയാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് തീയറ്ററുകളിലെത്തിയത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി പുതിയകുപ്പിയിലെ പഴയവീഞ്ഞ് എന്ന പ്രയോഗം ശരിയാവുകയാണ്.

ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജീവിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥപറയുന്ന മലര്‍വാടി കഥനരീതിയില്‍ കല്ലുകടികളൊന്നുമില്ലാത്തെ സുഖമമായി പറയാന്‍ കഴിഞ്ഞു എന്ന കാര്യത്തില്‍ സംവിധായകനും കൂട്ടര്‍ക്കും ആശ്വസിക്കാം.

മനശ്ശേരി എന്ന വടക്കേമലബാറിലെ ഒരു ഗ്രാമമാണ് ചിത്രത്തിലെ പശ്ചാത്തലം. അവിടെ കഥാപ്രവര്‍ത്തനവും പാട്ടും സ്വല്പം രാഷ്ട്രീയവും അടിപിടിയുമൊക്കെയായി ജീവിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥ ഒരത്പം സാമൂഹ്യവിമര്‍ശനവുമൊക്കെച്ചേര്‍ത്ത് പറഞ്ഞു തുടങ്ങുകയും പിന്നെ സാമൂഹ്യവിമര്‍ശനമൊക്കെവിട്ട് അഞ്ചുപേരുടേയും അവര്‍ക്ക് ഗുരുതുല്യനായ കുമാരേട്ടന്റെയും(നെടുമുടി) മലര്‍വാടി ആര്‍ട്‌സ് ക്ലബിലേക്കും കഥ ചുരുങ്ങുന്നു.

അഞ്ചുപേരിലൊരാള്‍ റിയാലിറ്റിഷോയിലൊക്കെ പങ്കെടത്ത് വലിയി ആളാവുന്നതും മറ്റു നാലുപേരില്‍നിന്നും അകലുന്നതും പിന്നെ അയാള്‍ തിരിച്ചുവരുന്നതുമാണ് കഥാ സംഗ്രഹം. ഇതിനിടയില്‍ ചായക്കട, തുറന്ന ജീപ്പ്, ഹര്‍ത്താല്‍, ജഗതി, സുരാജ് വെഞ്ഞാറുംമൂട്, സലിംകുമാര്‍, കോട്ടയം നസീര്‍, സ്വാര്‍ഥനായൊരച്ഛന്‍ എന്നീ പതിവ് കെട്ടുകാഴ്ചകള്‍ വന്നുപോകുന്നു.

സാധാരണ ഇത്തരം പാട്ടു സിനിമകളില്‍ കാണാറുള്ള ഗാനശേഷങ്ങളുടെ നിലവാരത്തിലേക്കെത്താന്‍ മലര്‍വാടിയിലെ പാട്ടുകള്‍ക്കാവുന്നില്ല എന്നതാണ് സിനിമയുടെ പ്രധാനപേരായ്ക. മലര്‍വാടിയിലെ പ്രവര്‍ത്തകരായി അഭിനയിച്ച അഞ്ചു ചെറുപ്പക്കാരുടേയും പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. കൃത്യമായ ആസൂത്രണത്തിലൂടെ ഇവരെ അഭിനയ സജ്ജരാക്കിയെടുത്ത് പെര്‍ഫോം ചെയ്യിച്ച കാര്യത്തില്‍ സംവിധായകന് അഭിമാനിക്കാം.

മലര്‍വാടിയില്‍ നായികമാരെന്ന ഭാവത്തില്‍ രണ്ടുപെണ്‍കുട്ടികളുണ്ട്. തിരക്കഥ ഇവരെ മനപൂര്‍വം അവഗണിക്കുകയും ആവശ്യമുള്ളപ്പോള്‍ മാത്രം തപ്പിയെടുത്തുകൊണ്ട് കാമറയക്കുമുമ്പില്‍ നിര്‍ത്തുകയും ചെയ്യുന്നുണ്ട്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് പാളുന്നത് തിരക്കഥയിലാണ്. കഥാപാത്രങ്ങളുടെ കുടുംബപശ്ചാത്തലവും സാമൂഹ്യപശ്ചാത്തലവും ഒട്ടും അടിസ്ഥാനമില്ലാതെയും കെട്ടുറപ്പില്ലാതെയുമാണ് പറഞ്ഞുവച്ചിരിക്കുന്നത്. വടക്കേ മലബാര്‍ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ളതാണെങ്കിലും അവിടത്തെ ഭൂപ്രകൃതിയുടേയും ജീവിതത്തിന്റെയും ആര്‍ജവം ഉള്‍ക്കൊള്ളുന്നതില്‍ തിരക്കഥയും സിനിമയും അമ്പേപരാജയപ്പെടുന്നു.

പശ്ചാത്തല സംഗീതത്തിലും ഛായാഗ്രഹണത്തിലും ചില പുതുമകള്‍ പരീക്ഷിച്ചെങ്കിലും തിരക്കഥയിലെ പുതുമയില്ലായ്മ കാരണം അതൊന്നും ഏശുന്നില്ല. ഒരു പുതിയ സിനിമയ്ക്കുവേണ്ട പടക്കോപ്പുകള്‍ എല്ലാമുണ്ടായിട്ടും മലര്‍വാടി പുറത്തേക്കുവന്നത് ഒരു സാധാരണ സിനിമയായിട്ടാണ്. ഈ പടത്തിന്റെ സംവിധായകനും കൂട്ടുകാരും മലര്‍വാട്ടിയെ നിര്‍ത്താന്‍ ഉദ്ദേശിച്ച പാട്ടുസിനിമകളുടെ കൂട്ടത്തില്‍ നില്‍ക്കാനുള്ള ഊര്‍ജം മലര്‍വാടിക്കില്ല.

Advertisement