ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മണി ബാക്ക് പോളിസി. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും അസൂയാലുവുമായ അശോകന്‍ എന്ന കഥാപാത്രമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ശ്രീനിവാസനാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Ads By Google

ആരെങ്കിലും നല്ല വസ്ത്രം ധരിച്ചാല്‍, നല്ല കാറില്‍ സഞ്ചരിച്ചാല്‍ അശോകന് അസൂയയാണ്. അവരെയൊക്കെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യുവാനും അയാള്‍ മടിക്കില്ല.

സെക്യൂരിറ്റി ജോലി ചെയ്തു പോന്ന അശോകനെ തേടി ഒരു ഓഫര്‍ എത്തുന്നു. ഒരു കണ്‍സ്ട്രഷന്‍ കമ്പനിക്ക് വേണ്ടി ചില സഹായങ്ങള്‍ ചെയ്തു കൊടുക്കണം. അത് നല്‍കാമെന്ന് പറഞ്ഞ് അശോകന്‍ അവരില്‍ നിന്നും ഏറെ ഔദാര്യങ്ങള്‍ സ്വീകരിക്കുന്നു. എന്നാല്‍ അതൊന്നും നടത്തിക്കൊടക്കാതെ മുമ്പോട്ടു പോകുകയും ചെയ്യുന്നു.

പണം പലപ്പോഴായി കൈയ്യിലെത്തുന്നതോടെ അശോകന്റെ ജീവിതമാകെ മാറുന്നു. സാധാരണ ജീവിതം നയിച്ച ആശോകന്‍ ആഢംബരപൂര്‍ണമായ ജീവിതത്തിലേക്ക് പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

പുതുമുഖം ഐശ്വര്യ നമ്പ്യാര്‍ രൂപ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഔസേപ്പച്ചന്‍ എന്ന കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിക്കുന്നു. ഭഗത്, ശ്രീജിത്ത് വിജയ്, സരയു എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മനോജ് റാംസിങ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നു.

സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രനാണ്. മുരളി രാമന്‍ ഛായാഗ്രഹണവും, ശ്രീനിവാസന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.