ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി യൂസഫലി
Kerala
ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി യൂസഫലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2013, 3:31 pm

[]ദുബായ്: കൊച്ചിയില്‍ ആരംഭിക്കാനിരുന്ന ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്ന് വ്യവസായി എം.എ യൂസഫലി പിന്‍മാറി.

ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ആക്ഷേപവുമായി രംഗത്തു വരികയും പദ്ധതി വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലുലു ഗ്രൂപ്പ് പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്നത്. []

ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഏറെ വിഷമിപ്പിച്ചതായും അതിനാലാണ് പിന്‍മാറ്റമെന്നും യൂസഫലി ദുബായില്‍ വ്യക്തമാക്കി.

ലുലു മാളിന് വേണ്ടി എല്ലാ അനുമതിയും നിയമാനുസൃതം നേടിയിരുന്നു. കേരളത്തിന് വേണ്ടി നിലകൊണ്ട തന്നെ അവഹേളിക്കുന്നതാണ് ആരോപണമുന്നയിച്ച സി.പി.ഐഎമ്മിന്റെ നിലപാടെന്നും യൂസഫലി പറഞ്ഞു.

ലുലു മാള്‍ യാഥാര്‍ഥ്യമാകാന്‍ അഞ്ച് കൊല്ലമെടുത്തിരുന്നു. എന്നാല്‍ ഈ കാലയളവിനുളളില്‍ ആരും ആരോപണങ്ങള്‍ ഉന്നയിച്ചില്ല. എന്തുകൊണ്ടാണ് മാള്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതെന്ന് അറിയില്ല.

ആരോപണമുന്നയിച്ചവര്‍ തന്നെ വ്യക്തിഹത്യ ചെയ്തിരിക്കുകയാണ്. ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിന് വേണ്ടി താന്‍ കോടികള്‍ ചെലവഴിച്ചിട്ടുണ്ട്.

ചെലവഴിച്ച തുകയുടെ നഷ്ടം കണക്കാക്കുന്നില്ലെന്നും പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും പാട്ടത്തിനെടുത്ത ബോള്‍ഗാട്ടിയിലെ 27 ഏക്കര്‍ ഭൂമിയില്‍ 800 കോടി ചെലവിട്ട് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാനായിരുന്നു ലുലു പദ്ധതിയിട്ടിരുന്നത്.

പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ ഗ്രാന്റ് ഹയാത്തും ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ധാരണയായിരുന്നു. പദ്ധതി സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇതില്‍ നിന്നും പിന്മാറാന്‍ ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.

പദ്ധതിയുടെ ഭാഗമായി നാലായിരത്തോളം പേര്‍ക്ക് നേരിട്ടും പതിനായിരത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമെന്നായിരുന്നു ലുലു ഗ്രൂപ്പിന്റെ അവകാശവാദം.

ആഗോള ടെണ്ടറിലൂടെ 72 കോടി രൂപക്കാണ് 2010ല്‍ ലുലു ഗ്രൂപ്പ് ബോള്‍ഗാട്ടിയിലെ ഭൂമി പാട്ടത്തിനെടുത്തത്. 30വര്‍ഷത്തേക്കായിരുന്നു പാട്ടക്കാലാവധി.

എന്നാല്‍ ബോള്‍ഗാട്ടിയിലെ ഭൂമി ലുലുവിന് പാട്ടത്തിന് നല്‍കിയത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നും കരാര്‍ റദ്ദാക്കണമെന്നും ആരോപിച്ച് സി.ഐ.ടി.യു പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ് അറിയിച്ചിരുന്നു.